റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ  പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങൾ മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ വനിതാ മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചു. അന്നേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിന് മുന്നിലാണ് മഹാപഞ്ചായത്ത് നടത്തുക. 

“മെയ് 28 ന് പുതിയ പാർലമെന്റിന് മുന്നിൽ സമാധാനപരമായ വനിതാ മഹാപഞ്ചായത്ത് നടത്താൻ ഞങ്ങൾ തീരുമാനിച്ചു,” ഗുസ്തി താരം വിനേഷ് ഫോഗട്ട് ചൊവ്വാഴ്ച ജന്തർ മന്തറിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള മാർച്ച് സമാപിച്ച ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ഗുസ്തിക്കാർ ഏപ്രിൽ 23 മുതൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം നടത്തുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലുൾപ്പെടെ ബ്രിജ് ഭൂഷൺ സിംഗിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് നിലവിലുള്ളത്. 

ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ ഈ മാസം ആദ്യം ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിരുന്നു. അതിനിടെ, ഗുസ്തി താരങ്ങളുടെ ആരോപണത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും കായിക മന്ത്രാലയം റദ്ദാക്കി.