വൈറ്റ് ഹൗസിന് മുമ്പിലെ സുരക്ഷാ ബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ 19കാരന്‍ പിടിയില്‍. ഇന്ത്യന്‍ വംശജനായ സായി വര്‍ഷിത് കന്ദുലയെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ അപായപ്പെടുത്താനാണ് ലക്ഷ്യമിട്ടതെന്ന തരത്തിലുള്ള സൂചനകള്‍ ഇയാള്‍ നല്‍കിയിട്ടുണ്ട്. 

വൈറ്റ് ഹൗസിന്റെ ഗേറ്റിന് സമീപം രാവിലെ 10 മണിക്ക് മുമ്പായിരുന്നു സംഭവം. വാടകയ്ക്കെടുത്ത ട്രക്കുമായി വൈറ്റ് ഹൗസിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.ലഫായെറ്റ് പാര്‍ക്കിന്റെ വടക്കുഭാഗത്തുള്ള സുരക്ഷാ ബാരിയറുകള്‍ക്ക് മുകളിലൂടെ ഇയാള്‍ ട്രക്ക് ഓടിച്ചു. ബൈഡനെ കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്ന് കുട്ടി പറഞ്ഞതായി മാധ്യമങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ സമീപത്തെ ഹോട്ടല്‍ ഒഴിപ്പിക്കേണ്ടിവന്നു. ജനങ്ങള്‍ പരിഭ്രാന്തരായി ഓടി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 

യുഎസ് മിസോറിയിലെ ചെസ്റ്റര്‍ഫീല്‍ഡിലാണ് സായി താമസിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ ട്രക്ക് വാടകയ്ക്ക് എടുത്തത്. വിമാനത്തിലാണ് ഇയാള്‍ ഇവിടെയെത്തിയതെന്നും വിവരം ലഭിച്ചു.

പിടിക്കപ്പെട്ട ശേഷം പ്രതി പറഞ്ഞത് 

കഴിഞ്ഞ ആറ് മാസമായി താന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും തന്റെ പദ്ധതികള്‍ ‘ഗ്രീന്‍ ബുക്കില്‍’ രേഖപ്പെടുത്തിയതായും അറസ്റ്റിലായ കുട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞതായി രേഖകളില്‍ പറയുന്നു. വൈറ്റ് ഹൗസില്‍ കയറി അധികാരം പിടിച്ചെടുക്കുകയും രാജ്യത്തിന്റെ ചുമതല വഹിക്കുകയുമാണ് തന്റെ ഉദ്ദേശ്യമെന്നും ഇയാള്‍ വെളിപ്പെടുത്തി. നിങ്ങള്‍ക്ക് എങ്ങനെ അധികാരം കിട്ടുമെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ പ്രസിഡന്റിനെ കൊല്ലുമെന്നും തടസ്സം നില്‍ക്കുന്നവരെ ഉപദ്രവിക്കുമെന്നും 19കാരന്‍ പറഞ്ഞു.

പ്രതി വളരെ കുറച്ച് മാത്രമേ സംസാരിക്കാറുള്ളൂവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സായിക്കും കുടുംബത്തിനും ഇടയില്‍ എന്തോ പ്രശ്‌നം സംഭവിച്ചതായി ഒരു സുഹൃത്ത് പറഞ്ഞു. സായി വളരെ ശാന്തനായ വ്യക്തിയാണ്. അന്വേഷണ ഏജന്‍സിയായ എഫ്ബിഐ കേസില്‍ അന്വേഷണം ആരംഭിച്ചു. പ്രതിയുടെ മാനസികാരോഗ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്