ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന എഎപി നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ സത്യേന്ദര്‍ ജെയിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്  സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലിലായിരുന്നു അദ്ദേഹം. കസ്റ്റഡിയിലിരിക്കെ അദ്ദേഹത്തിന്റെ ഭാരം ഏകദേശം 35 കിലോഗ്രാം കുറഞ്ഞതായി അഭിഭാഷകന്‍ പറഞ്ഞു. 

അടുത്തിടെ, തന്റെ സെല്ലില്‍ ഏകാന്തതയും വിഷാദവും അനുഭവപ്പെടുന്നതായി ജെയിന്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ അദ്ദേഹം ജയില്‍ ക്ലിനിക്കിനുള്ളിലെ ഒരു സൈക്കോളജിസ്റ്റിനെ കണ്ടു. ജെയിന്‍ ആളുകള്‍ക്ക് ചുറ്റും ആയിരിക്കണമെന്നും സാമൂഹിക ഇടപെടലുകള്‍ നടത്തണമെന്നും സൈക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചു. 

ഇതിനിടെ രണ്ട് തടവുകാരെ സത്യേന്ദര്‍ ജെയിന്‍ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിലേക്ക് മാറ്റിയതില്‍ തിഹാര്‍ ജയില്‍ ഭരണകൂടം ജയില്‍ നമ്പര്‍ 7 സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ട് തടവുകാരെ തന്റെ സെല്ലിലേക്ക് മാറ്റാന്‍ ജെയിന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ നടപടി. 

മെയ് 18 ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം തേടി സത്യേന്ദര്‍ ജെയിന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇഡിയുടെ പ്രതികരണം തേടിയിരുന്നു. മുന്‍ മന്ത്രിക്ക് കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിക്കാത്തതിനെ തുടര്‍ന്നാണിത്. ഡല്‍ഹി സര്‍ക്കാരില്‍ ആരോഗ്യം, വീട്, വൈദ്യുതി, വെള്ളം തുടങ്ങി ഒന്നിലധികം വകുപ്പുകള്‍ വഹിച്ചിരുന്ന സത്യേന്ദര്‍ ജെയിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ വര്‍ഷം മെയ് 31 ന് ആണ് ഇഡി അറസ്റ്റ് ചെയ്തത്.