റിയാദ്: സയാമീസ് ഇരട്ടകളായ ഹസ്സാന, ഹാസിന എന്നിവരെ വേര്‍പ്പെടുത്താനായി സൗദി അറേബ്യയില്‍ നടന്ന സങ്കീര്‍ണ ശസ്‍ത്രക്രിയ വിജയം കണ്ടു. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ 14 മണിക്കൂര്‍ നീണ്ടുനിന്ന ശസ്‍ത്രക്രിയയ്ക്ക് ഒടുവിലാണ് ഇരുവരെയും വിജയകരമായി വേര്‍പെടുത്താനായത്. നെഞ്ചിന്റെ താഴ്‍ഭാഗവും കരളും കുടലും മറ്റ് ആന്തരിക അവയവങ്ങളും ഉള്‍പ്പെടെ ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു നൈജീരിയക്കാരായ സയാമീസ് ഇരട്ടകള്‍.

എട്ട് ഘട്ടങ്ങളായി നീണ്ടുനിന്ന ശസ്‍ത്രക്രിയയില്‍ 36 ഡോക്ടര്‍മാരും മറ്റ് വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 85 അംഗ മെഡിക്കല്‍ സംഘവും പങ്കെടുത്തു. ആന്തരിക അവയവങ്ങള്‍ വിവിധ ഘട്ടങ്ങളിലായി വേര്‍പെടുത്തി. സൗദി റോയല്‍ കോര്‍ട്ട് അഡ്വൈസറും കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്‍ദുല്ല അല്‍ റബീഹയാണ് ശസ്‍ത്രക്രിയക്ക് നേതൃത്വം വഹിച്ചത്.

ഇതുവരെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തിച്ച സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതിനായി 56 ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗദി ഭരണാധികാരികളടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ 33 വര്‍ഷത്തിനിടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 130 സയാമീസ് ഇരട്ടകളെ ഇത്തരത്തില്‍ വേര്‍പെടുത്തിയിട്ടുണ്ട്.