കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസിന്റെ അവകാശവാദങ്ങള്‍ തള്ളി ദേശീയപാതാ അതോറിറ്റി. ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനം 25 ശതമാനം വിഹിതം നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടില്ലെന്നു വിവരവകാശപ്രകാരം ദേശീയപാതാ അതോറിറ്റി മറുപടി നല്‍കി. രണ്ടു മാസം മുമ്പാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം വഹിക്കേണ്ട 25 ശതമാനം തുക ഒഴിവാക്കാന്‍ ധാരണയായെന്ന് പത്രസമ്മേളനം വിളിച്ച് കെവി തോമസ് അവകാശപ്പെട്ടത്.

എന്നാല്‍, ഈ അവകാശവാദങ്ങള്‍ കളവാണെന്നാണ് വിവരവകാശപ്രകാരമുള്ള മറുപടിയില്‍ വ്യക്തമാകുന്നത്. പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസ് നല്‍കിയ വിവരവകാശത്തിലാണ് അത്തരം ഒരു ധാരണ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിരിക്കുന്നത്. കെ.വി. തോമസുമായി ചര്‍ച്ചനടത്തിയതിനെക്കുറിച്ച് അറിയില്ലെന്നും അത്തരം വിവരങ്ങള്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന് അറിയാമായിരിക്കുമെന്നും മറുപടിയില്‍ പറയുന്നു.