രാജ്യത്തിനും തലവേദനായി പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ വിഷം തുപ്പിയ പരാമര്‍ശങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിലാണ് പിസി ജോര്‍ജിന്റെ മുന്‍ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2022-ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ പി.സി.ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. ഹോട്ടലുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ് കഴിഞ്ഞ വര്‍ഷം നടത്തിയ പരാമര്‍ശമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. തെറ്റായതും പ്രേരണയോടെയുള്ളതും പക്ഷപാതകരവുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2022-ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടെന്ന് വിദേശകാര്യ മന്ത്രാലയം പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് റിപ്പോര്‍ട്ടിന്റെ പ്രധാനഭാഗങ്ങള്‍ പുറത്തുവന്നത്.

റിപ്പോര്‍ട്ടില്‍ ബിജെപിയെ 28 തവണയും വിഎച്ച്പിയെ 24 തവണയും ബജ്റങ് ദളിനെ ഏഴ് തവണയും പ്രതിപ്പട്ടികയില്‍ നിര്‍ത്തിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ വിദ്വേഷം നിറഞ്ഞതും പ്രകോപനപരവുമായ പ്രസംഗം രാജ്യത്തുടനീളം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.