2016 നവംബറിൽ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചപ്പോഴുണ്ടായ അടിയന്തര സാഹചര്യം നേരിടാനാണ് 2000 രൂപയുടെ നോട്ടുകൾ ഇറക്കിയതെന്നും, ആ ആവശ്യം കഴിഞ്ഞെന്നുമാണു ധനമന്ത്രാലയവും റിസർവ് ബാങ്കും പറയുന്നത്. ഉപയോഗം കഴിഞ്ഞു എന്നതിനെക്കാൾ ദുരുപയോഗം തടയുക എന്ന ലക്ഷ്യവും 2000 രൂപ നോട്ടുകൾ ഒഴിവാക്കുന്നതിനു കാരണമായി ധനകാര്യ സെക്രട്ടറി ടി.വി.സോമനാഥൻ സൂചിപ്പിക്കുന്നുണ്ട്.

വെടിപ്പുള്ള നോട്ടുകൾ ലഭ്യമാക്കുന്ന നയത്തിന്റെ ഭാഗമാണു നടപടിയെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു കഴമ്പില്ലാത്ത വാദമാണ്. നിശ്ചിതമൂല്യമുള്ള നോട്ടുകൾ അപ്പാടെ ഒഴിവാക്കുന്നതല്ല ഈ നയം. നിശ്ചിത കാലയളവിൽ പുറത്തുവിട്ട നോട്ടുകൾ പിൻവലിച്ചിട്ട് പുതിയ നോട്ടുകൾ ലഭ്യമാക്കും. ഇപ്പോൾ അങ്ങനെ സംഭവിക്കുന്നില്ല.

2018–19 ൽ അച്ചടി നിർത്തിയപ്പോൾത്തന്നെ 2000 രൂപ നോട്ടുകൾക്ക് അധികകാലം ഭാവിയില്ലെന്നു വിലയിരുത്തപ്പെട്ടതാണ്. എന്നാൽ, ഉചിതസമയത്താണ് ഇപ്പോഴത്തെ തീരുമാനമെന്നാണു സോമനാഥൻ പറയുന്നത്. കോവിഡ് സമയത്തോ യുക്രെയ്ൻ യുദ്ധപ്രതിസന്ധി തുടങ്ങിയപ്പോഴോ ഇത്തരമൊരു നടപടി പറ്റില്ലായിരുന്നു. നിയമവിരുദ്ധ ഇടപാടുകൾക്ക് 2000 രൂപ നോട്ടുകൾ കാര്യമായ തോതിൽ ഉപയോഗിക്കപ്പെടുന്നതും അദ്ദേഹം സൂചിപ്പിക്കുന്നു.

പൂഴ്ത്തിവച്ചിരിക്കുന്നതും ഇടപാടുകൾക്ക് ഉപയോഗിക്കാത്തതുമായ നോട്ടുകൾ പുറത്തുവരുമെന്നാണു ധനകാര്യ സെക്രട്ടറിയുടെ പ്രതീക്ഷ. വ്യക്തിഗത ഇടപാടുകൾക്ക് 2000 രൂപ നോട്ടുകൾ ഉപയോഗിക്കുന്നത് തീർത്തും കുറഞ്ഞതിനാൽ നടപടി ജനത്തിന് ആഘാതമാകില്ലെന്നും കരുതുന്നു. എന്നാൽ, 2000 രൂപ നോട്ടുകൾ നിക്ഷേപമായി വലിയ തോതിൽ ബാങ്കുകളിൽ എത്തുന്നത് പലിശനിരക്കിനെ സ്വാധീനിക്കുമോയെന്നു വ്യക്തമാകേണ്ടതുണ്ട്.

നോട്ട് നിരോധനം പല രാഷ്ട്രീയപാർട്ടികൾക്കും അടിയായെന്നു വിലയിരുത്തപ്പെട്ടിരുന്നു. ഏതാനും നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോൾ അതേ മോഡൽ അടിയാണ് പുതിയ തീരുമാനമെന്നു വ്യാഖ്യാനമുണ്ട്.