2000 രൂപ നോട്ടുകൾ പിൻവലിച്ച ആർബിഐ നടപടി പ്രതിപക്ഷ നേതാക്കളിൽ നിന്ന് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഈ നീക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു രംഗത്തെത്തി.

ആർബിഐയുടെ പ്രഖ്യാപനവുമായി ചേർത്ത് വച്ച്, പ്രധാനമന്ത്രി മോദി ജപ്പാനിലേക്ക് പോകുമ്പോഴെല്ലാം ഒരു നോട്ട് നിരോധന അറിയിപ്പ് ഉണ്ടാകുമെന്ന് ഖാർഗെ പറഞ്ഞു. 500, 1000 രൂപാ നോട്ടുകൾ ഒറ്റരാത്രികൊണ്ട് ഉപയോഗത്തിൽ നിന്ന് നിർത്തലാക്കിയ 2016ലെ നോട്ട് നിരോധനത്തെ കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം.

“കഴിഞ്ഞ തവണ അദ്ദേഹം  ജപ്പാനിൽ പോയപ്പോൾ 1000 രൂപ നോട്ട് നിരോധിച്ചു. ഇത്തവണ പോയപ്പോൾ 2000 രൂപ നോട്ട് നിരോധനമാണ് നടത്തിയത്” പ്രധാനമന്ത്രിയെ പരിഹസിച്ച് ഖാർഗെ പറഞ്ഞു.ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി വെള്ളിയാഴ്‌ച (മെയ് 19) ഹിരോഷിമയിൽ എത്തിയിരുന്നു. പാപ്പുവ ന്യൂ ഗിനിയയിലേക്കും ഓസ്‌ട്രേലിയയിലേക്കും കൂടി നീളുന്ന ത്രിരാഷ്ട്ര പര്യടനത്തിന്റെ ആദ്യ ഘട്ടമാണിത്.

നേരത്തെ, ഈ നീക്കത്തെ “രണ്ടാം നോട്ട് നിരോധനം” എന്ന് ഖാർഗെ വിശേഷിപ്പിച്ചിരുന്നു. “ഇത് തെറ്റായ തീരുമാനം മറയ്ക്കാനുള്ള നീക്കമാണോ? നിഷ്‌പക്ഷമായ അന്വേഷണത്തിലൂടെ മാത്രമേ ഈ ചൂഷണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുകയുള്ളൂ” അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

“ഇത് രാജ്യത്തിന് ഗുണം ചെയ്യുമോ നഷ്‌ടമുണ്ടാക്കുമോ എന്ന് അദ്ദേഹത്തിന് (പ്രധാനമന്ത്രി) അറിയില്ല. മോദി നടത്തിയ ‘നോട്ട് നിരോധനം ഇത്തവണയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.” കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്‌ത ചടങ്ങിന് ശേഷം സദസിനെ അഭിസംബോധന ചെയ്‌തുകൊണ്ട് ഖാർഗെ  പറഞ്ഞു.