2025 ജൂബിലി വർഷത്തിൽ ദശലക്ഷക്കണക്കിന് തീർത്ഥാടകരെ സ്വീകരിക്കാൻ റോമും വത്തിക്കാനും തയ്യാറെടുക്കുന്നു. 2000-ലെ മഹാജൂബിലിക്കു ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലിയായ 2025-ലെ ‘പ്രതീക്ഷയുടെ ജൂബിലി വർഷ’ത്തിനായി ഏകദേശം 35 ദശലക്ഷം ആളുകൾ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് വത്തിക്കാനും റോം നഗരവും പ്രതീക്ഷിക്കുന്നത്.

കത്തോലിക്കാ സഭയിൽ കൃപയുടെയും തീർത്ഥാടനത്തിന്റെയും ഒരു പ്രത്യേക വിശുദ്ധ വർഷമാണ് ജൂബിലി. ഇത് സാധാരണയായി 25 വർഷത്തിലൊരിക്കൽ നടക്കുന്നു. 2016 കരുണയുടെ വർഷമായി ആചരിച്ചതു പോലെയോ, 2013-ലെ വിശ്വാസവർഷം പോലെയോ അസാധാരണമായ ജൂബിലി വർഷങ്ങൾക്കായി ആഹ്വാനം ചെയ്യാൻ മാർപാപ്പക്കു കഴിയും. ഏതൊരു ജൂബിലിയുടെയും കേന്ദ്രഭാഗം വിശുദ്ധ വാതിലുകളാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും റോമിലെ മറ്റ് പ്രധാന ബസിലിക്കകളിലും കാണപ്പെടുന്ന ഈ വാതിലുകൾ, ഉള്ളിൽ നിന്ന് അടച്ച് ഒരു ജൂബിലി വർഷത്തിൽ മാത്രമേ തുറക്കൂ.