ന്യൂഡൽഹി: മഹാകവി രബീന്ദ്രനാഥ് ടഗോറിന്‍റെ ആസ്ഥാനമായിരുന്ന ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള അന്തിമ ശുപാർശയായി. ആഗോള ഉപദേശക സമിതിയാണ് ശുപാർശ നൽകിയിരിക്കുന്നതെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി അറിയിച്ചു.

പശ്ചിമ ബംഗാളിലെ ബീർഭൂം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശാന്തിനികേതൻ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്നത് ഇന്ത്യ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.

ഉൾപ്പെടുത്തുന്ന വിവരം സൗദി അറേബ്യയിലെ റിയാദിൽ വരുന്ന സെപ്റ്റംബറിൽ നടത്തുന്ന ലോക പൈതൃക സമിതി യോഗത്തിൽ ഔപചാരികമായി പ്രഖ്യാപിക്കും.

കോൽക്കത്തയിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള ശാന്തിനികേതൻ, ആശ്രമം എന്ന നിലയിലാണ് രബീന്ദ്രനാഥ് ടഗോറിന്‍റെ പിതാവ് ദേബേന്ദ്രനാഥ് ടഗോർ പണികഴിപ്പിക്കുന്നത്. ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിലെ സമുന്നത നേതാക്കളിലൊരാളായിരുന്നു ദേബേന്ദ്രനാഥ് ടഗോർ.

പിന്നീട് ശാന്തിനികേതനിൽ രബീന്ദ്രനാഥ് ടഗോർ സ്ഥാപിച്ച വിശ്വഭാരതി സർവകലാശാല ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ സർവകലാശാലകളിലൊന്നാണ്.