മലപ്പുറം : താനൂരിൽ ഇരുപതിലേറെപേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ട് 
മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതെന്ന് സംശയം. അറ്റ്‍ലാന്റിക് ബോട്ടിന് വിനോദസഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാൻ ലൈസൻസ് കിട്ടിയതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. യാർഡിൽ പോയി ബോട്ടിന് മാറ്റം വരുത്തിയതാണെന്നാണ്  സൂചന. ഇത്തരം ബോട്ടുകൾക്ക് വിനോദസഞ്ചാരത്തിന് ലൈസൻസ് കൊടുക്കാറില്ലെന്നിരിക്കെ അറ്റ്ലാന്റിക്കിന് എങ്ങനെ ലഭിച്ചുവെന്നാണ് അന്വേഷിക്കപ്പെടുന്നത്. ബോട്ടിന്റെ വശങ്ങളിൽ അപകടകരമായ രീതിയിൽ ആളുകൾക്ക് നിൽക്കാനും സൗകര്യമുണ്ടായിരുന്നു. അനുവദനീയമായതിലും കൂടുതൽ പേരുമായി യാത്രപുറപ്പെട്ട ബോട്ടിലെ യാത്രക്കാർ കൂടുതൽ പേർ വശങ്ങളിലേക്ക് മാറിയതാണോ അപകടത്തിലേക്ക് നയിച്ചതെന്നാണ് സംശയം. 

ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉൾപ്പെടെ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

കേരളത്തെ കണ്ണീർ കടലിൽ മുക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ 22 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ചവരിൽ  ഏഴ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾക്കും ഉൾപ്പെടും. അനുവദനീയമായതിലും കൂടുതൽ പേരെ കയറ്റിയാണ് അപകടത്തിൽ പെട്ട അറ്റ്‍ലാന്റിക് ബോട്ട് സർവീസ് നടത്തിയതെന്നാണ് പ്രദേശവാസികളും ദൃക്സാക്ഷികളും പറയുന്നത്. അങ്ങനെയെങ്കിൽ കൂടുതൽ പേർ അപകടത്തിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്ന എൻഡിആർഎഫ് സംഘവും ഫയർഫോഴ്സും.  

ആറ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾക്കും അടക്കമാണ് ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തിൽ ജീവൻ നഷ്ടമായത്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. കൈക്കുഞ്ഞുങ്ങൾ അടക്കം മുങ്ങിതാണു. ഏറെ ദുഷ്കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവർത്തനം. ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായി. 

രാത്രി 7നും 7.40നും ഇടയിൽ, മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.