ന്യൂ ഡൽഹി: സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ. സ്വവർഗ വിവാഹം നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിന്റെ സങ്കല്പമാണെന്ന് കേന്ദ്രസർക്കാർ എതിർ സത്യവാങ്മൂലം നൽകി. ഇത് സംബന്ധിച്ച ഹർജികൾ നിലനിൽക്കുമോ എന്ന് കോടതി ആദ്യം പരിശോധിക്കണം എന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ സ്വവർഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ എതിർ സത്യവാങ്മൂലം നൽകിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് പി എസ് നർസിംഹ, ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് എസ് നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 18 ന് ഹർജികൾ പരിഗണിക്കും. 

രാജ്യത്തെ മതവിഭാഗങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമേ വിഷയത്തിൽ സർക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും സാമൂഹിക സ്വീകാര്യതയ്ക്ക് വേണ്ടി മാത്രമാണിത് പറയുന്നതെന്നും കേന്ദ്രം പറഞ്ഞു. സ്വവർഗ വിവാഹം പോലുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് നിയമനിർമാണ സഭകളാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കവേയാണ് കേന്ദ്ര സർക്കാർ രണ്ടാമത്തെ എതിർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ്ഗ വിവാഹം ഒരു പൌരന്റെ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും ഇതിന് മുൻപ് കേന്ദ്രം സുപ്രിം കോടതിയിൽ സമർപ്പിച്ച നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

“സ്വവർഗ വിവാഹത്തിനുള്ള അവകാശം അംഗീകരിക്കുന്ന കോടതിയുടെ തീരുമാനം, ഒരു മുഴുവൻ നിയമശാഖയുടെയും വെർച്വൽ ജുഡീഷ്യൽ റീറൈറ്റിംഗ് അർത്ഥമാക്കും. അത്തരം ഓമ്‌നിബസ് ഉത്തരവുകൾ പാസാക്കുന്നതിൽ നിന്ന് കോടതി വിട്ടുനിൽക്കണം. അതിനുള്ള ശരിയായ അധികാരം ഉചിതമായ നിയമനിർമ്മാണമാണ്. നിയമപ്രകാരം അനുമതിയുള്ള ഒരു സ്ഥാപനമായി ഏതെങ്കിലും സാമൂഹിക-നിയമ ബന്ധത്തെ അംഗീകരിക്കുമ്പോൾ ഭരണഘടനയ്ക്ക് കീഴിൽ അനുവദനീയമായ ഒരേയൊരു ഭരണഘടനാപരമായ സമീപനമാണിത്. അതോടൊപ്പം ഹർജിക്കാർ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വീക്ഷണത്തെ പ്രതിനിധീകരിക്കുന്നില്ല,”-ഹർജിയിൽ പറയുന്നു.