ബെംഗലുരു: കര്‍ണാടകയിലുണ്ടാവുക തൂക്കു സഭയെന്ന പ്രവചനവുമായി ജന്‍ കി ബാത് ഒപീനിയന്‍ പോള്‍. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് നടത്തിയ ആദ്യ റൌണ്ട് സര്‍വ്വേയിലാണ് 2023ല്‍ കര്‍ണാകടയിലുണ്ടാവുക തൂക്കുസഭയെന്ന പ്രവചനം.  98 മുതല്‍ 109 വരെ സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും സര്‍വ്വേ പ്രഖ്യാപിക്കുന്നു. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലുള്ള കോണ്‍ഗ്രസിന് 89 മുതല്‍ 97 വരെ സീറ്റ് ലഭിക്കാനാണ് സാധ്യത. തനിച്ച് മത്സരിക്കുന്ന ജെഡിഎസിന്  25 മുതല്‍ 29 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് സൂചന. മറ്റ് സ്വതന്ത്രര്‍ക്ക് 0 മുതല്‍ 1 വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്നുമാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ പ്രവചിക്കുന്നത്. 

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമായ 113 എന്ന മാജിക് നമ്പറിലേക്ക് സഖ്യമില്ലാതെ ഒരു  പാര്‍ട്ടിക്കും എത്താനാവില്ലെന്നാണ് സര്‍വ്വേ നല്‍കുന്ന പ്രവചനം. പഴയ മൈസുരു മേഖലയിലല്ലാതെ എല്ലായിടത്തും കോണ്‍ഗ്രസും ബിജെപിയും തമ്മിലാകും പോരെന്നാണ് പോള്‍ പ്രവചനം. മൈസുരു മേഖലയില്‍ ജെഡിഎസ്, ബിജെപി , കോണ്‍ഗ്രസ് പോരാവും ദൃശ്യമാവുക. നിലവില്‍ ഭരണകക്ഷിയായ ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ചില സീറ്റുകള്‍ നഷ്ടമാവാനാണ് സാധ്യത. ഈ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത. എന്നാലും കേവല ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസിന് തനിയെ എത്താനാവില്ല. കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുന്ന സീറ്റുകളില്‍ പോലും അനായാസ ജയം ഉണ്ടാവില്ലെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 

നേരത്തെ  കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്നാണ് എബിപി – സി വോട്ടർ പ്രവചിച്ചത്. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു എബിപി – സി വോട്ടർ സര്‍വ്വേ ഫലം. ബിജെപി 68 മുതല്‍ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാര്‍ട്ടിയായ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകളില്‍ വിജയം നേടും. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനം വിശദമാക്കിയിരുന്നു.

സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോണ്‍ഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവര്‍ ഏഴ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലം പ്രവചിച്ചിരുന്നു.