ന്യൂഡല്‍ഹി: ‘പാശ്ചാത്യരുടെ മോശം ശീലം’ പരാമര്‍ശത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്ന പാശ്ചാത്യ രാജ്യങ്ങളെ വിമര്‍ശിക്കുമ്പോള്‍ അല്‍പം ശാന്തനാകണമെന്നാണ് തരൂരിന്റെ പ്രതികരണം.

”നമുക്ക് അത്ര മോശം തൊലിക്കട്ടിയുള്ളവര്‍ ആകേണ്ടതില്ല. ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ നമ്മുടെ മുന്നേറ്റത്തിനായി ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഓരോ അഭിപ്രായത്തോടും നമ്മള്‍ പ്രതികരിക്കുകയാണെങ്കില്‍, നമ്മള്‍ സ്വയം ദ്രോഹമാണ് ചെയ്യുന്നത്. അല്‍പ്പം ശാന്തനാകാന്‍ ഞാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ശക്തമായി ആവശ്യപ്പെടുന്നു, ‘ തരൂരിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ബെംഗളൂരുവില്‍ വെച്ച് ജയശങ്കര്‍ നടത്തിയ പ്രസ്താവനയോടാണ് തരൂരിന്റെ പ്രതികരണം. 

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ദൈവം അവകാശം നല്‍കിയെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ കരുതുന്നുവെന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. പാശ്ചാത്യര്‍ ഇന്ത്യയെക്കുറിച്ച് അഭിപ്രായപ്പെടുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.’രണ്ട് കാരണങ്ങളുണ്ട്. മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുന്ന മോശം ശീലം പാശ്ചാത്യര്‍ക്ക് ഉണ്ട്. അത് ദൈവം നല്‍കിയ ഒരുതരം അവകാശമാണെന്ന് അവര്‍ കരുതുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ മറ്റുള്ളവരും അഭിപ്രായം പറയാന്‍ തുടങ്ങുമെന്ന് അവര്‍ അനുഭവം കൊണ്ട് പഠിക്കും. അത് സംഭവിക്കുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെടില്ല. ഇപ്പോള്‍ അത് സംഭവിക്കുന്നത് ഞാന്‍ കാണുന്നു.’, അദ്ദേഹം പറഞ്ഞു.

‘നിങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ നിങ്ങള്‍ ആളുകളെ ക്ഷണിക്കുന്നു എന്നതാണ് സത്യത്തിന്റെ രണ്ടാം ഭാഗം. അപ്പോള്‍ കൂടുതല്‍ ആളുകള്‍ അഭിപ്രായമിടാന്‍ പ്രലോഭിക്കപ്പെടുന്നു. ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ലോകത്തോട് ഉദാരമായ ക്ഷണം നല്‍കുന്നത് നമ്മള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ഇവിടെ നിന്ന് ആരെങ്കിലും പോയി നിങ്ങള്‍ എന്തിനാണ് ഒന്നും പറയാതെ നില്‍ക്കുന്നതെന്ന് പറഞ്ഞാല്‍, അവര്‍ തീര്‍ച്ചയായും അഭിപ്രായം പറയും. പ്രശ്‌നത്തിന്റെ ഒരു ഭാഗം അവരും പ്രശ്‌നത്തിന്റെ ഒരു ഭാഗം നമ്മളുമാണ്. രണ്ടും ശരിയാക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2019ലെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തേക്ക് അയോഗ്യനാക്കിയത് സംബന്ധിച്ച് ജര്‍മ്മനിയും യുഎസും നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബെംഗളൂരു കബ്ബണ്‍ പാര്‍ക്കില്‍ 500-ലധികം യുവ വോട്ടര്‍മാര്‍, സന്ദര്‍ശകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ബെംഗളൂരു (സൗത്ത്) എംപി തേജസ്വി സൂര്യയും ബെംഗളൂരു (സെന്‍ട്രല്‍) എംപി പി സി മോഹനും സംഘടിപ്പിച്ച ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ പരിപാടിയിലായിരുന്നു പ്രതികരണം.