കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെ സദസിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കൂകിവിളിക്കുകയായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്നും പറഞ്ഞതിന് പിന്നാലെയായിരുന്നു കൂവല്‍. സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. 

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിയ്‌ക്കെതിരായ പ്രതിഷേധങ്ങളെ വി.മുരളീധരന്‍ വിമര്‍ശിച്ചു. കോടതി വിധിക്കെതിരെ  തെരുവിലിറങ്ങുന്നവര്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളെ സുപ്രിംകോടതി ഇതിന് മുമ്പും ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അക്രമം അഴിച്ചുവിട്ടു കോടതി വിധിയെ ചോദ്യം ചെയ്യുകയാണ്. കോണ്‍ഗ്രസ് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ കാര്യമായ പ്രതിഷേധമില്ല. എന്നാല്‍ കേരളത്തില്‍ സിപിഐഎം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് വയനാട് ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.