കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ കേസ്. ഡിവൈഎസ്പി വേലായുധന്‍ നായര്‍ക്കെതിരെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍ നിന്നുമാണ് മുന്‍പ് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ചുമതലയുളള സ്‌പെഷ്യല്‍ ഡിവൈഎസ്പിയാണ് വേലായുധന്‍.

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനില്‍ നിന്നാണ് വേലായുധന്‍ പണം വാങ്ങിയത്. ഇയാള്‍ക്കെതിരായ സ്വത്ത് സമ്പാദന കേസ് അവസാനിപ്പിക്കാനായാണ് 50,000 രൂപ കൈപ്പറ്റിയത്.

നാരായണന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കൈക്കൂലി നല്‍കിയെന്നതിന്റെ തെളിവ് ലഭിച്ചത്. കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ് പി യുടെ മകന്റെ അക്കൗണ്ടിലേക്കാണ് നാരായണന്‍ പണം കൈമാറിയത്. കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.