കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രവർത്തകർക്ക് ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 25 ന് സംസ്ഥാനത്തെത്തും. ചിക്കബെല്ലാപ്പൂരിലും ബെംഗളൂരുവിലും സംഘടിപ്പിക്കുന്ന വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിൽ മോദി പങ്കെടുക്കും. ദാവൻഗരെയിൽ ബിജെപിയുടെ വിജയ സങ്കൽപ യാത്രയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ഒരു വർഷത്തിനിടെ പ്രധാനമന്ത്രിയുടെ ഏഴാമത്തെ കർണാടക സന്ദർശനമാണിത്.

മാർച്ച് 25 ന് രാവിലെ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദി എത്തും. തുടർന്ന് അദ്ദേഹം ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്യും. വൈറ്റ് ഫീൽഡ് മെട്രോ ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനായി അദ്ദേഹം ഉച്ചകഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങും. തുടർന്ന് പ്രധാനമന്ത്രി മോദി ദാവൻഗെരെയിൽ വിജയ സങ്കൽപ യാത്രയെ അഭിസംബോധന ചെയ്യുകയും അവിടെനിന്ന് ശിവമൊഗ്ഗ എയർപോർട്ടിൽ വഴി ഡൽഹിയിലേക്ക് വിമാനം കയറുകയും ചെയ്യുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.

മാണ്ഡ്യയിലെ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെയും ധാർവാഡിലെ ഐഐടി കാമ്പസിന്റെയും ഉദ്ഘാടനത്തിനായാണ് മാർച്ച് 12-ന് പ്രധാനമന്ത്രി മോദി അവസാനമായി കർണാടക സന്ദർശിച്ചത്. ഈ വർഷം മേയിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും.