റായ്ബറേലി: ഈ ആദരവ് നൽകുന്ന സന്തോഷം വിവരിക്കാൻ അക്ഷരങ്ങൾ മതിയാകില്ല. സ്വന്തം പേരിലൊരു സ്റ്റേഡിയം പുനർനാമകരണം ചെയ്യപ്പെടുമ്പോൾ, ഇന്ത്യൻ ഹോക്കി വനിതാ താരം റാണി രാംപാലിന്‍റെ ആഹ്ളാദം വിവരിക്കാൻ വാക്കുകൾ മതിയാകാതെ വരുന്നു. ഇതാദ്യമായാണ് വനിതാ ഹോക്കി താരത്തിന്‍റെ പേരിലൊരു സ്റ്റേഡിയം അറിയപ്പെടുന്നത്. ദേശീയ കായികയിനമെന്ന വിശേഷണങ്ങളും വാഴ്ത്തലുകളും വാനോളമുണ്ടെങ്കിലും ഹോക്കി താരങ്ങൾ എത്രമാത്രം സ്വന്തം രാജ്യത്ത് ആദരിക്കപ്പെടുന്നു എന്നത് ഇന്നും പ്രസക്തമായ ചോദ്യമാണ്.

അപ്പോഴാണു റായ്ബറേലിയിലെ സ്റ്റേഡിയം ഹോക്കിതാരം റാണി രാംപാലിന്‍റെ പേരിൽ അറിയപ്പെടുന്നത്, റാണീസ് ഗേൾസ് ഹോക്കി ടർഫ്. സ്വന്തം പേരിലൊരു സ്റ്റേഡിയമുള്ള വനിതാ ഹോക്കി താരമായി മാറുക എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്നു പറയുന്നു റാണി രാംപാൽ. അടുത്ത തലമുറയിലെ താരങ്ങൾക്ക് ഇതൊരു പ്രചോദനമായി മാറുമെന്നു തന്നെ വിശ്വസിക്കുന്നു.

ഹരിയാനയിൽ ജനിച്ച റാണി ആറാം വയസ് മുതലാണ് ഹോക്കിയിലേക്ക് എത്തുന്നത്. 2010-ൽ ഹോക്കി ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയായി മാറി. ഇതുവരെ ഇരുന്നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചു. നേടിയത് 130ലധികം ഗോളുകൾ. 2016-ലെ റിയോ ഒളിംപിക്സ്, 2020-ലെ ടോക്കിയോ ഒളിംപിക്സ് എന്നീ കായികമാമാങ്കങ്ങളിലും പങ്കാളിയായി. 2020ൽ രാജ്യം പദ്മശ്രീ നൽകി റാണി രാംപാലിനെ ആദരിച്ചിരുന്നു.