തിരുവനന്തപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടനികുതി നിർണയത്തിന് ഭൂമിയുടെ ന്യായവിലയും പരിഗണിക്കണമെന്ന് സർക്കാർ. കെട്ടിടനികുതി കൂട്ടുന്നതിനുള്ള ധനകാര്യ രണ്ടാം നമ്പർ ബില്ലിലാണ് ഈ ഭേദഗതി. ഇത് അംഗീകരിക്കുന്നതോടെ നരഗപ്രദേശങ്ങളിലെ കെട്ടിനികുതിയിൽ വൻവർധനയുണ്ടാകും.

ഇതുവരെ തദ്ദേശസ്ഥാപനങ്ങളെ മൂന്നുമേഖലകളായി തിരിച്ചാണ് നികുതി കണക്കാക്കിയിരുന്നത്. കെട്ടിട ഉപയോഗം, വലുപ്പം, പഴക്കം, മേൽക്കൂര, ശീതീകരണസംവിധാനം, വഴി, തറയിടാൻ ഉപയോഗിച്ച വസ്തു തുടങ്ങിയവ അടിസ്ഥാനനികുതിക്കുമേൽ പരിഗണിച്ചാണ് അന്തിമനികുതി കണക്കാക്കിയിരുന്നത്.

ഭൂമിയുടെ ന്യായവിലകൂടി ഇതിൽ ഉൾപ്പെടുത്തുന്നതോടെ ഏപ്രിൽമുതൽ പുതിയതായി നികുതി നിർണയിക്കേണ്ടിവരും. വർഷംതോറും അഞ്ചുശതമാനത്തിൽ കുറയാത്ത വർധനയും വരുത്തണം.

ഉടമ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്ററിൽ കുറവുള്ള കെട്ടിടങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെട്ടിടനികുതിയിലോ തദ്ദേശസ്ഥാപനങ്ങളുടെ ഫീസിലോ വീഴ്ചവരുത്തിയാൽ ഈടാക്കുന്ന പിഴ (മാസം) ഒരു ശതമാനമാനത്തിൽനിന്ന് രണ്ടുശതമാനമായും കൂട്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലോ ധനസഹായത്തിലോ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവയുടെ ഹോസ്റ്റലുകൾക്കും മാത്രമേ നികുതി ഒഴിവുള്ളൂ. അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് ഇളവ് ലഭിക്കില്ല.