ത്തര്‍പ്രദേശില്‍ വമ്പൻ റോഡ് വികസ പദ്ധതികളാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് . കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 10,000 കോടി രൂപയുടെ 18 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് നടത്തിയത്. ഗോരഖ്‍പൂർ ഉൾപ്പെടെ കിഴക്കൻ ഉത്തർപ്രദേശിലെ നിരവധി ജില്ലകളിൽ മികച്ച റോഡ് കണക്റ്റിവിറ്റി സര്‍ക്കാര്‍ വാഗ്‍ദാനം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ യോഗി ആദിത്യനാഥിനെ ഗഡ്‍കരി ശ്രീകൃഷ്‍ണനെന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. 

ചടങ്ങില്‍ സംസാരിച്ച് നിതിൻ ഗഡ്‍കരി യോഗി ആദിത്യനാഥിന്‍റെ ഭരണത്തെ പുകഴ്‍ത്തി. യോഗി ആദിത്യനാഥ് ശ്രീകൃഷ്‍ണ ഭഗവാന് തുല്യമാണെന്നും അനീതികളെ അവസാനിപ്പിക്കാന്‍ വേണ്ടി ഭൂമിയിലേക്ക് അവതരിച്ച അവതാരമാണെന്നും ഗഡ്‍കരി പറഞ്ഞു. “ഉത്തര്‍പ്രദേശിലെ റോഡുകള്‍ അമേരിക്കയിലേതിന് സമാനമാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതുതന്നെയാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതും. വിമാനത്തില്‍ പോയിരുന്നവര്‍ റോഡ് മാര്‍ഗം രാജ്യത്തുടനീളം സഞ്ചരിക്കുന്ന സാഹചര്യമുണ്ടാകും. മോദിജിയുടെ അധികാരത്തിനു കീഴില്‍ രാജ്യത്തിന്റെ ഘടനയ്ക്കാണ് നമ്മള്‍ പ്രാധാന്യം നല്‍കുന്നത്” ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.