ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തെക്കുറിച്ച് പോലീസിൽ അറിയിച്ചിട്ടും നടപടി ഇല്ലാതെ വന്നപ്പോൾ നഗരസഭാ കൗൺസിലർ സ്വന്തം നിലയിൽ അന്വേഷണം നടത്തിപ്പോൾ മോഷണം പോയ ഇരുചക്രവാഹനമാണെന്നു കണ്ടെത്തി.

പാലാ നഗരസഭാ കൗൺസിലർ സിജി ടോണിയുടെ ജാഗ്രതയാണ് വാഹനം മോഷണം പോയതാണെന്നു കണ്ടെത്താനായത്. പത്തു ദിവസം മുമ്പാണ് സിജിയുടെ വീടിൻ്റെ എതിർവശത്ത് പൂഞ്ഞാർ – ഏറ്റുമാനൂർ ഹൈവേയിൽ മൂന്നാനി ഭാഗത്ത് KL33 K5434 ഹീറോ ഗ്ലാമർ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

രണ്ടു ദിവസമായി ബൈക്ക് അതേ നിലയിൽ തുടരുന്നത് ശ്രദ്ധിച്ച സിജി പാലാ പോലീസിൽ വിവരമറിയിച്ചെങ്കിലും നടപടിയൊന്നുമായില്ല. ഇതേത്തുടർന്നു മാണി സി കാപ്പൻ എം എൽ എ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസിനോട് വിവരം പറയുകയും എബി ഉടമയുടെ ഫോൺ നമ്പരും വിലാസവും കണ്ടെത്തി നൽകുകയും ചെയ്തു.

വാഴൂർ തൂങ്കുഴിയിൽ ജസ്റ്റിൻ ടി കുരുവിളയാണ് ഇരുചക്രവാഹനത്തിൻ്റെ രജിസ്‌ട്രേർഡ് ഉടമ. ഇദ്ദേഹത്തിൻ്റെ നമ്പരിൽ വിളിച്ചപ്പോഴാണ് ഇരുചക്രവാഹനം മോഷണം പോയതാണെന്നും ഇത് സംബന്ധിച്ച് പൊൻകുന്നം പോലീസിൽ പരാതി നൽകിയിരുന്നതായും പറഞ്ഞത്. കഴിഞ്ഞ മൂന്നിന് രാത്രി പൊൻകുന്നത്ത് പാഴ്സൽ വാങ്ങാൻ കടയിൽ കയറിയപ്പോഴാണ് ബൈക്ക് മോഷണം പോയത്.