തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ സഭയിൽ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ അസാധാരണ പരാമർശം നടത്തുകയും ഷാഫി പറമ്പിൽ തോറ്റുപോകുമെന്നും പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിനെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഷാഫി പറമ്പിൽ തോൽക്കും അല്ലെങ്കിൽ തോൽപിക്കും എന്ന് സി.പി.എം പറയുമ്പോൾ അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാമതെത്തിയ ബി.ജെ.പിയെ ജയിപ്പിക്കും എന്നല്ലേ എന്ന് അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിലായിരുന്നു രാഹുലിന്‍റെ വിമർശനം. മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര് സമ്മതിക്കില്ലായെന്ന് മാത്രമെന്നും രാഹുൽ കുറിച്ചു.

അവിടെ ബി.ജെ.പിയെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോൽപിക്കുവാൻ ഇത്തവണയും നിങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, പാലക്കാട് പിടിക്കാൻ നരേന്ദ്ര മോദിയും അമിത് ഷായും പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീർ -എന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ, സ്പീക്കറുടെ പരാമർശനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുവന്നിരുന്നു. എം.എൽ.എമാർ തോറ്റുപോകും എന്ന് പറയാൻ സ്പീക്കർക്ക് എന്ത് അവകാശമാണ് ഉള്ളതെന്നാണ് സതീശൻ ചോദിച്ചത്. സ്പീക്കറുടെ കസേരയിൽ ആണ് ഇരിക്കുന്നതെന്ന് ഷംസീർ മറന്ന് പോകുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.