അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ നേടിയ അർധ സെഞ്ചുറിയോടെ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ് വിരാട് കോലി.

നാട്ടിൽ ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് കോലി ശനിയാഴ്ച സ്വന്തമാക്കിയത്. നാട്ടിലെ 50-ാം ടെസ്റ്റിലാണ് കോലി ഈ നേട്ടത്തിലെത്തിയത്.

നാട്ടിൽ കളിച്ച 94 ടെസ്റ്റിൽ നിന്ന് 7216 റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കറാണ് ഈ പട്ടികയിൽ മുന്നിൽ. 70 ടെസ്റ്റിൽ നിന്ന് 5598 റൺസുമായി ഇപ്പോഴത്തെ ഇന്ത്യൻ പരിശീലകൻ കൂടിയായ രാഹുൽ ദ്രാവിഡാണ് രണ്ടാം സ്ഥാനത്ത്. 65 ടെസ്റ്റിൽ നിന്ന് 5067 റൺസുമായി സുനിൽ ഗാവസ്ക്കറാണ് മൂന്നാമത്. 52 ടെസ്റ്റിൽ നിന്ന് 4656 റൺസുമായി വീരേന്ദർ സെവാഗ് നാലാം സ്ഥാനത്ത് നിൽക്കുന്നു.

നാട്ടിൽ ഏറ്റവും വേഗത്തിൽ 4000 ടെസ്റ്റ് റൺസിലെത്തിയ രണ്ടാമത്തെ താരമെന്ന നേട്ടവും കോലിക്കാണ്. 77-ാം ഇന്നിങ്സിലാണ് കോലി 4000 റൺസ് തികച്ചത്. 71 ഇന്നിങ്സുകളിൽ നിന്ന് നാട്ടിൽ 4000 ടെസ്റ്റ് റൺസ് തികച്ച സെവാഗാണ് ഈ പട്ടികയിൽ മുന്നിൽ. സച്ചിൻ (78), ഗാവസ്ക്കർ (87), ദ്രാവിഡ് (88) എന്നിവരാണ് ഈ പട്ടികയിലെ മറ്റുള്ളവർ.

അതേസമയം 14 മാസങ്ങൾക്ക് ശേഷം ടെസ്റ്റിൽ കോലി അർധ സെഞ്ചുറി നേടിയിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോൾ 128 പന്തിൽ നിന്ന് 59 റൺസുമായി കോലി പുറത്താകാതെ നിൽക്കുകയാണ്.