ദുബായ്: യുഎഇ-യിൽ പ്രവാസി കുടുംബങ്ങൾക്ക് അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങി. വർഷത്തിൽ ആറു മാസത്തോളം യുഎഇ-യിൽ താമസിക്കാൻ അനുമതി നല്കുന്നതാണ് ഇത്തരം വിസകൾ. അഞ്ചു വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് സ്പോൺസറുടെ ആവശ്യമില്ല. മാത്രമല്ല, യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കുകയും ചെയ്യാം.

എങ്ങനെ അപേക്ഷിക്കണം

പ്രവാസികൾക്ക് കുടുംബ സഹിതം യുഎഇ സന്ദർശിക്കാൻ അവസരം നൽകുന്നതാണ് അഞ്ചു വർഷത്തെ ടൂറിസ്റ്റ് വിസ. കഴിഞ്ഞ ഡിസംബറിൽ ഇത്തരം വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട് സെക്യൂരിറ്റി- (Federal Authority for Identity, Citizenship, Customs & Port Securit)യുടെ https://icp.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല.