പ്രമുഖ നടനും അഭിഭാഷകനുമായ അഡ്വ. സി ഷൂക്കൂറിനും, കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തും. മുസ്‌ളീം വ്യക്തിനിയമത്തിലെ സ്ത്രീ വിവേചനത്തിനെതിരെ ആദ്യ ഭാര്യയെ തന്നെ വീണ്ടും സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ച് വിവാദ നായകനായ അഡ്വ. സി ഷൂക്കൂറിനെതികെ സാമൂഹ്യ മാധ്യമങ്ങളില്‍ കൊലവിളി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്.

ഷൂക്കൂര്‍ വക്കീലിനെതിരെ മതമൗലിക വാദികളുടെ ആക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ ദാറുല്‍ ഹുദാ ഇസ്‌ളാമിക യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ഒരു ഫത്വ ഇറങ്ങുകയും ചെയ്തിരുന്നു.മാത്രമല്ല അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെയും നിരവധി മതമൗലിക വാദികളും, യാഥാസ്ഥിതികരും ഭീഷണികളുമായി എത്തുകയും ചെയ്തിരുന്നു.

1994ലാണ് ഷൂക്കൂര്‍ വക്കീലും ഭാര്യ ഷീനാ ഷുക്കൂറും വിവാഹിതരായത് . എന്നാല്‍ ഇസാള്മിക ശരിയ നിയമപ്രകാരം മരിച്ചയാള്‍ക്ക് എല്ലാം പെണ്‍മക്കളാണെങ്കില്‍ അയാളുടെ സഹോദരന്റെ മകനായിരിക്കും ആ സ്വത്തുക്കളുടെ മൂന്നില്‍ ഒരു ഭാഗം ചെന്ന് ചേരുക. ഇത് കാലഹരണപ്പെട്ട മത സങ്കല്‍പ്പമാണെന്ന് പറഞ്ഞു കൊണ്ടാണ് തന്റെ സ്വത്തുക്കളുടെ പൂര്‍ണ്ണവകാശം തന്റെ പെണ്‍മക്കള്‍ക്ക് ലഭിക്കാന്‍ ഇദ്ദേഹം സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചത്. എം ജി യൂണിവേഴ്‌സിറ്റി മുന്‍ പ്രോ വി സിയും പ്രമുഖ നിയമജ്ഞയുമാണ് ഷൂക്കൂറിന്റെ ഭാര്യ ഡോ. ഷീനാ ഷൂക്കൂര്‍.