ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുളള കടുത്ത പനിയ്ക്കും ചുമയ്ക്കും കാരണം ഇന്‍ഫ്ളുവന്‍സ് എ സബ്ടൈപ്പ് എച്ച് 3 എന്‍2 ആണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സ്ഥിരീകരിച്ചു. കടുത്ത പനിയൂം ചുമയൂം ലക്ഷണങ്ങളോട് കൂടിയ ഈ വൈറസ് ബാധയെ തുടര്‍ന്ന് നിരവധി പേര്‍ ചികിത്സ തേടുന്നുവെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ഇന്‍ഫ്ലുവന്‍സ കേസുകളില്‍ വന്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച്, കേസുകള്‍ H3N2 വേരിയന്റുമായി ബന്ധപ്പെട്ടതാണെന്നും ICMR ഡാറ്റ അനുസരിച്ച്, കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഈ വേരിയന്റ് വ്യാപകമാണെന്നും വിദഗ്ധര്‍ പറയുന്നു.

രണ്ട് മൂന്ന് ദിവസത്തേക്ക് ഉയര്‍ന്ന പനി, ശരീരവേദനയും തലവേദനയും, തൊണ്ടയിലെ പ്രകോപനം, കുറഞ്ഞത് രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ചുമ എന്നിവ H3N2 വേരിയന്റിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. വൈറല്‍ അണുബാധയുള്ള ഒപിഡി കേസുകളില്‍ 90 ശതമാനം രോഗികളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തതായി ചാണക്യപുരിയിലെ പ്രൈമസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. വൈറല്‍ പനി, ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ് പോലുള്ള കടുത്ത ശ്വാസകോശ അലര്‍ജികള്‍ എന്നിവ ആശുപത്രിയില്‍ രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഏറ്റവും ദുര്‍ബലരാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍, എല്ലാവരും വെളിയില്‍ പോകുന്നതില്‍ ജാഗ്രത പാലിക്കണം, കൂടാതെ ഇന്‍ഫ്ലുവന്‍സയ്‌ക്കെതിരെ വാക്സിനേഷന്‍ എടുക്കുകയും ശുചിത്വം പരിശീലിക്കുകയും സീറോളജിക്കല്‍ നിരീക്ഷണം നിര്‍ദ്ദേശിക്കുകയും വേണം.