കൊച്ചി: കൈക്കൂലിക്കേസില്‍ അന്വേഷണം നേരിടുന്ന ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ ഹാജരായ കേസില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരമെടുത്ത കേസിലെ പ്രതികളുടെ ജാമ്യ ഉത്തരവ് കോടതി തിരിച്ച് വിളിച്ചു. ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് നടപടി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് ഈ അപൂര്‍വ നീക്കം. 

കോടതി നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ പ്രതികളുടെ ജാമ്യ ഹര്‍ജി വന്നതിന് പിന്നാലെ വാദി ഭാഗത്തിന് നോട്ടീസ് നല്‍കണമെന്ന കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തി. പ്രതികള്‍ക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂര്‍ ആയിരുന്നു അന്ന് ഹാജരായിരുന്നത്. ഇതോടെ നോട്ടീസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും കോടതി പറഞ്ഞു. കൂടാതെ ഇരയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി. റാന്നി പൊലീസ് എടുത്ത കേസില്‍ പ്രതികളായ ബൈജു സെബാസ്റ്റ്യന്‍, ജിജോ വര്‍ഗീസ് എന്നീവര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ പത്തനംതിട്ട സ്വദേശി ബാബു നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

അനുകൂല വിധി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അടക്കമുള്ള ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്നാണ് അഭിഭാഷകനായ സൈബി ജോസിനെതിരായ കേസ്. ഈ സാഹചര്യത്തിലാണ് സൈബി ഹാജരായ കേസില്‍ ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ അസാധാരണ നടപടി. 2022 ഏപ്രില്‍ 29 ല്‍ പുറപ്പെടുവിച്ച ഉത്തരവാണ് അദ്ദേഹം പുനഃപരിശോധിച്ചത്. ഒരു വര്‍ഷം മുന്‍പ് നല്‍കിയ ജാമ്യ ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയ കേസില്‍ സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും സൈബി എത്തിയിരുന്നില്ല. തുടര്‍ന്ന്  പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്തതെന്നാണ് വിവരം. ജഡ്ജിക്ക് കൊടുക്കാന്‍ എന്ന നിലയില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിയിട്ടുള്ളതെന്നുമാണ് സൈബി നല്‍കിയ മൊഴി. ഹൈക്കോടതി വിജിലന്‍സിന് മുന്‍പാകെ നല്‍കിയ മൊഴിയില്‍ സൈബി ജോസ് ഉറച്ചുനിന്നതായാണ് വിവരം. നേരത്തെ കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. 

അതേസമയം കോഴ വാങ്ങിയെന്ന സംഭവത്തില്‍ അന്വേഷണം നേരിടുന്ന സൈബി ജോസ് കിടങ്ങൂരിന്റെ രാജി ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകള്‍ രംഗത്തെത്തി. സൈബി അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന്  ഇന്ത്യന്‍ അസിസിയേഷന്‍ ഓഫ് ലോയേഴ് ആവശ്യപ്പെട്ടു. ആരോപണത്തില്‍ അന്വഷണം ഊര്‍ജ്ജിതമാക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടരുമ്പോള്‍ സൈബി സ്ഥാനത്ത്  തുടരുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയ കുറ്റങ്ങളുടെ പേരില്‍ ശക്തവും മാതൃകാപരവുമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.