ലൈഫ് മിഷൻ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് ഇഡി നോട്ടീസ് നൽകി. ചൊവ്വാഴ്‌ച കൊച്ചിയിലെത്താനാണ് ഇഡി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ജനുവരി 31ന് ശിവശങ്കർ സർവീസിൽ വിരമിക്കുന്നതിനാൽ ദിവസം മാറ്റി നൽകാൻ ആവശ്യപ്പെട്ടു. നേരത്തെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ  കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്. 

കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്‌ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. അതേസമയം, ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐ കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ച അവസ്ഥയിലാണ്.