യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപരിശോധിക്കണമെന്ന് ആവശ്യം. സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ആവശ്യവുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി. വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയത് വിവാദമായ സാഹചര്യത്തിലാണ് ഈ നീക്കം.

ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിതാസമാഹാരം വൈലോപ്പിള്ളിയുടേതാണെന്ന് പറയുന്ന ചിന്തയുടെ പ്രബന്ധത്തില്‍ വൈലോപ്പിള്ളിയുടെ പേരുപോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ‘വൈലോപ്പള്ളി’ എന്നാണ് പ്രബന്ധത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഗുരുതര പിശകുസംഭവിച്ചെങ്കിലും ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച അധ്യാപകനോ മൂല്യനിര്‍ണയം നടത്തിയവരോ ഇക്കാര്യം കണ്ടെത്തിയിരുന്നില്ല.

നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021ലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. ‘വാഴക്കുല ബൈ വൈലോപ്പള്ളി’ എന്നാണ് ചിന്ത പരാമര്‍ശിച്ചിരിക്കുന്നത്.