ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ അദാനി ഗ്രൂപ്പ്. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ആദാനി ഓഹരികള്‍ കുത്തനെ വീണു. സെന്‍സെക്സ് 874 പോയിന്റും നിഫ്റ്റി 285 പോയിന്റും ഇടിഞ്ഞു. ഇതോടെ അദാനി ഗ്രൂപ്പിന്റെ നഷ്ടം ഇതുവരെയുള്ള നഷ്ടം 4.17 ലക്ഷം കോടിയായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദാനി എന്റര്‍പ്രൈസസിന്റെ എഫ് പി ഒ അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതിനെതിരെ അമേരിക്കയിലും ഇന്ത്യയിലും നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വിപണിയില്‍ തുടര്‍ച്ചയായ തകര്‍ച്ച നേരിട്ടതോടെ ആഗോള ധനികരുടെ പട്ടികയില്‍ നിന്നും ഗൗതം അദാനി താഴേക്ക് വീണു.
വിപണി മൂലധനത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപ നഷ്ടപ്പെട്ടതോടെ ലോക കോടീശ്വരന്മാരുടെ ആദ്യ അഞ്ചിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഒരു ദിവസം കൊണ്ട് നാലാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.

ആദ്യ അഞ്ച് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നഷ്ടമായതിന് പിന്നാലെ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലും ഗൗതം അദാനിയുടെ സ്ഥാനം നഷ്ടമായി. 97.2 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് അദാനി.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം ഇന്നും ഇടിഞ്ഞിരുന്നു. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞു. അദാനി ട്രാന്‍സ്മിഷന്‍ 19.99 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി 19.99 ശതമാനം, അദാനി എന്റര്‍പ്രൈസസ് 18.52 ശതമാനം എന്നിങ്ങനെയാണ് ഇടിഞ്ഞത്.

അദാനി പോര്‍ട്‌സ് 16.03 ശതമാനവും അദാനി വില്‍മര്‍, അദാനി പവര്‍ എന്നിവ 5 ശതമാനം വീതവും ഇടിഞ്ഞു. അദാനി അടുത്തകാലത്ത് ഏറ്റെടുത്ത അംബുജ സിമന്റ്സ് 17.16 ശതമാനവും എസിസി 13.04 ശതമാനവും ഇടിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് അവരുടെ വിപണി മൂല്യത്തില്‍നിന്ന് 4,17,824.79 കോടി രൂപ നഷ്ടമായെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അദാനി ടോട്ടല്‍ ഗ്യാസിന്റെ വിപണിമൂല്യം 1,04,580.93 കോടി രൂപ ഇടിഞ്ഞപ്പോള്‍ അദാനി ട്രാന്‍സ്മിഷന് 83,265.95 കോടി രൂപ കുറഞ്ഞിട്ടുണ്ട്.