കാസർഗോഡ്: കാസർഗോഡ് കുണ്ടംകുഴിയിൽ അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. അമ്മയുടെയും മകളുടെയും മരണം ആത്മഹത്യയാണെന്നാണ് ആദ്യം നാട്ടുകാരും കരുതിയിരുന്നതെങ്കിലും അതിലൊന്ന് കൊലപാതകമാണെന്നാണ് പുറത്തു വരുന്ന വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ശ്രീനന്ദയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിരിക്കുന്നത്. മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

നേരത്തെ തന്നെ ശ്രീനന്ദയുടെ കഴുത്തിൽ കയറിൻ്റെ പാടുകൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. കഴുത്ത് ഞെരിഞ്ഞാണ് കുട്ടി മരിച്ചതെന്ന് വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തു വന്നിരുന്നു. ഇതോടെയാണ് പെൺകുട്ടി കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ശ്രീനന്ദയുടെ അമ്മ നാരായണി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

മരണങ്ങളിൽ ഒന്ന് കൊലപാതകമാണെന്ന് വ്യക്തമായതോടെ പൊലീസ് കൂടുതൽ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. മരണപ്പെട്ട നാരായണിയുടെയും ശ്രീനന്ദയുടെയും ബന്ധുക്കളുടെ മൊഴികൾ പൊലീസ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്ന വ്യക്തിയായിരുന്നു നാരായണി. മരണകാരണം എന്താണെന്നുള്ളത് വ്യക്തമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം കൊലപാതകത്തിനും ആത്മഹത്യയ്ക്കും മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നുള്ളത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. 

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 13കാരിയായ ശ്രീനന്ദയെയും അമ്മ നാരായണിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാരായണി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. ശ്രീനന്ദയുടെ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. ശ്രീന്ദ വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്നും നാരായണി തൂങ്ങിമരിച്ചെന്നുമായിരുന്നു ആദ്യമെത്തിയ റിപ്പോർട്ടുകൾ. എന്നാൽ ശ്രീനന്ദയുടെ കഴുത്തിൽ കയർ ഉരഞ്ഞതിൻ്റെ പാടുകൾ പൊലീസ് കണ്ടെത്തിയതോടെയാണ് മരണം കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്. 

നാരായണിയുടെ ഭർത്താവ് ചന്ദ്രൻ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. ചന്ദ്രൻ ഊട്ടിയിലേയ്ക്ക് യാത്ര പോയപ്പോഴായിരുന്നു അതിദാരുണമായ സംഭവം നടന്നത്.