ന്യൂഡല്‍ഹി: വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷനോട് വിശദീകരണം തേടി കായിക മന്ത്രാലയം. അത്ലറ്റുകളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കാര്യത്തെ വളരെ ഗൗരവതരമായാണ് വീക്ഷിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. മറുപടി നല്‍കാന്‍ ഡബ്ല്യുഎഫ്ഐക്ക് 72 മണിക്കൂര്‍ നല്‍കിയ മന്ത്രാലയം ഫെഡറേഷനെതിരെ നടപടിയുണ്ടാകുമെന്ന സൂചനും നല്‍കി. 
 
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയ മുന്‍നിര ഗുസ്തിക്കാര്‍ ന്യൂഡല്‍ഹിയില്‍ മറ്റ് 29 പേര്‍ക്കൊപ്പം പ്രതിഷേധിച്ചതിന് പിന്നാലെയാണ് കായിക മന്ത്രാലയത്തിന്റെ പ്രസ്താവന. ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങും മറ്റ് ചില പരിശീലകരും വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചതായി ഏഷ്യന്‍ ഗെയിംസ്- കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു. പ്രത്യേകിച്ച് ലഖ്നൗവില്‍ പരിശീലന ക്യാമ്പുകളിലായിരുന്നു ചൂഷണമെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണ്‍ തന്നോട് കാണിച്ച പെരുമാറ്റം മൂലം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്നും വിനേഷ് പറഞ്ഞു. എന്നാല്‍, എല്ലാ ആരോപണങ്ങളും നിഷേധിച്ച അദ്ദേഹം, ഏതെങ്കിലും ഗുസ്തിക്കാര്‍ മുന്നോട്ട് വന്ന് വിനേഷിന്റെ അവകാശവാദങ്ങള്‍ സ്ഥിരീകരിച്ചാല്‍ താന്‍ തൂങ്ങിമരിക്കുമെന്ന് പറഞ്ഞു. താന്‍ ഒരിക്കലും ഇത്തരം ചൂഷണം നേരിട്ടിട്ടില്ലെന്ന് 28 കാരിയായ ഫോഗട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബുധനാഴ്ച ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ ‘ഒരു ഇര’ ഉണ്ടായിരുന്നുവെന്ന് താരം അവകാശപ്പെട്ടു. ടോക്കിയോ ഗെയിംസിന് ശേഷം ഇന്ത്യന്‍ ഗുസ്തിയെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ധൈര്യപ്പെട്ടതിനാലാണ് ഡബ്ല്യുഎഫ്ഐ പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം തനിക്ക് അടുത്ത ഉദ്യോഗസ്ഥരില്‍ നിന്ന് വധഭീഷണി ഉണ്ടായതെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു.

ലഖ്നൗ ക്യാമ്പ് റദ്ദാക്കി

ലഖ്നൗവില്‍ നടക്കാനിരിക്കുന്ന വനിതാ താരങ്ങള്‍ക്കായുള്ള ദേശീയ ക്യാമ്പ് റദ്ദാക്കി. 41 ഗുസ്തിക്കാരും 13 പരിശീലകരുമായി ജനുവരി 18 മുതലാണ് ക്യാമ്പ് ആരംഭിക്കേണ്ടിയിരുന്നത്. ലഖ്നൗവിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ (NCOE) ആരംഭിക്കാനിരുന്ന വനിതാ ദേശീയ ഗുസ്തി കോച്ചിംഗ് ക്യാമ്പാണ് റദ്ദാക്കിയത്. ഇതിനിടെ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഡബ്ല്യുഎഫ്ഐക്കും പ്രസിഡന്റിനുമെതിരെ പ്രതിഷേധം തുടരുമെന്ന് ബുധനാഴ്ച കുത്തിയിരിപ്പ് സമരം ആരംഭിച്ച ഗുസ്തി താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ രംഗത്തെത്തിയിരുന്നു. ആസൂത്രിതമായ ഗൂഢാലോചനയാണിതെന്നും ലൈംഗിക പീഡനം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കായികതാരം എങ്കിലും മുന്നോട്ട് വന്ന് ഇത് തെളിയിച്ചാല്‍ ഞാന്‍ തൂങ്ങിമരിക്കും. ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ദേശീയ തലത്തില്‍ ട്രയല്‍സില്‍ പങ്കെടുക്കാനോ മത്സരങ്ങളില്‍ പോരാടാനോ ഗുസ്തിതാരങ്ങള്‍ തയ്യാറല്ലെന്ന് ബ്രിജ് ഭൂഷണ്‍ ആരോപിച്ചു. വ്യക്തമായ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. ഡല്‍ഹിയില്‍ ഗുസ്തിക്കാര്‍ പ്രതിഷേധം ആരംഭിച്ചതായി അറിഞ്ഞു. ആരോപണം എന്താണെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിനേഷ് ഉന്നയിച്ച ആരോപണങ്ങള്‍ സ്ഥിരീകരിച്ച് ആരെങ്കിലും മുന്നോട്ട് വരുന്നുണ്ടോ? ഫെഡറേഷന്‍ പ്രസിഡന്റ് ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം നടത്തിയെന്ന് പറഞ്ഞ് ആരെങ്കിലും മുന്നോട്ട് വന്നിട്ടുണ്ടോ?’ അദ്ദേഹം പറഞ്ഞു.

”ഫെഡറേഷന്‍ ഏകാധിപതിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നിങ്ങള്‍ ട്രയല്‍ നല്‍കില്ല, ദേശീയ തലത്തില്‍ മത്സരിക്കുകയുമില്ല. ഫെഡറേഷന്‍ ചട്ടങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് പ്രശ്‌നം. ഇന്ന് ധര്‍ണയില്‍ ഇരിക്കുന്ന ഈ കളിക്കാരില്‍ ഒരാള്‍ പോലും ദേശീയതലത്തില്‍ പോരാടിയിട്ടില്ല. ഇത് എനിക്കെതിരെയുള്ള ഗൂഢാലോചനയാണ്…..ഒരു വലിയ വ്യവസായി ഇതില്‍ പങ്കാളിയാണ്. വിനേഷ് ഫോഗട്ട് തോറ്റപ്പോള്‍ അവളെ പ്രചോദിപ്പിച്ചത് ഞാനാണ്,” ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് പറഞ്ഞു.

”ടോക്കിയോ ഒളിമ്പിക്സില്‍ ദീപക് പുനിയ തോറ്റപ്പോള്‍ റഷ്യന്‍ പരിശീലകന്‍ റഫറിയെ തല്ലി. വിനേഷ് ഫോഗട്ട് ഒളിമ്പിക് വസ്ത്രം ധരിച്ചിരുന്നില്ല. ഞാന്‍ താരങ്ങളുമായി സംസാരിക്കും. ഏത് തരത്തിലുള്ള അന്വേഷണത്തിനും ഞാന്‍ തയ്യാറാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ ആരോപണങ്ങളെല്ലാം വിനേഷ് എഴുതി എനിക്ക് അയച്ചുതരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്ക് കഴിയുന്നതിന് ഞാന്‍ മറുപടി നല്‍കും. ബാക്കിയുള്ളവ സിബിഐയോ പോലീസോ അന്വേഷിക്കാം. ഇത് വലിയ ആരോപണമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബ്രിജ് ഭൂഷണ്‍ മാനസികമായി പീഡിപ്പിച്ചെന്നും ഇതേ തുടര്‍ന്ന് താന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നുമാണ് വിനേഷ് ഫോഗട്ട് വെളിപ്പെടുത്തിയത്. ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചെന്നും താന്‍ അതിനെതിരെ സംസാരിച്ചെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ആരും പരിക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. അവര്‍ ഗുസ്തിക്കാരെ ദേശീയ മത്സരങ്ങള്‍ക്ക് തന്നെ വിലക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് എന്നെ ഖോട്ട സിക്ക (ഒന്നിനും കൊള്ളാത്തവള്‍) എന്ന് വിളിച്ചു. എനിക്ക് ആത്മഹത്യ ചെയ്യാനാണ് തോന്നിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.