കര്‍ണാടകയില്‍ റോഡ്‌ഷോയ്ക്കിടെ സുരക്ഷാ വേലി മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മാലയിടാന്‍ ശ്രമിച്ച് യുവാവ്. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. മാലയിടാന്‍ ശ്രമിച്ച് പരാജയപ്പെട്ട യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചിഴയ്ക്കുന്നതായി പുറത്തുവന്ന വീഡിയോയില്‍ കാണാം. വിമാനത്താവളത്തില്‍ നിന്ന് ദേശീയ യുവജനോത്സവ സമ്മേളനം നടക്കുന്ന വേദിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടിച്ചെന്ന യുവാവ് പ്രധാനമന്ത്രി മോദി സഞ്ചരിച്ച വാഹനത്തിന് സമീപമെത്തി മാലയിടാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന റോഡില്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സുരക്ഷ ഒരുക്കിയിരുന്നെന്നും പ്രധാനമന്ത്രി മോദി യുവാവിന്റെ മാല സ്വീകരിച്ചതായും വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ഹുബ്ബള്ളിയിലെ റെയില്‍വേ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടക്കുന്ന ദേശീയ യുവജനോത്സവം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ട്, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അനുരാഗ് സിംഗ് ഠാക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന പരിപാടിക്ക് ശേഷം പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലേക്ക് പോകും. അഞ്ച് ദിവസത്തെ പരിപാടി ജനുവരി 16 വരെ നീണ്ടുനില്‍ക്കും. 30,000-ത്തിലധികം ആളുകള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി തന്റെ കാഴ്ചപ്പാട് ഇവരുമായി പങ്കിടും.