ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഭക്ഷ്യക്ഷാമം രൂക്ഷമാവുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഗോതമ്പിന്റെ ക്ഷാമത്താൽ ജനം തെരുവിൽ നീണ്ട ക്യൂ നിൽക്കുകയാണ്. ഖൈബർ പഖ്തൂൺഖ്വ, സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ നിരവധി പ്രദേശങ്ങളിൽ വിപണികളിൽ ഭക്ഷ്യ വസ്തുക്കളുടെ പ്രത്യേകിച്ച് ഗോതമ്പ് മാവിന്റെ ക്ഷാമമുണ്ട്. ആയിരക്കണക്കിന് ആളുകൾ ദിവസേന മണിക്കൂറുകളോളം പൊതു വിതരണ സ്ഥാപനങ്ങളുടെ മുൻപിൽ തിരക്ക് കൂട്ടിയാണ് സബ്സിഡിയായി ലഭിക്കുന്ന ഗോതമ്പ് വാങ്ങുന്നത്.

അതേസമയം പൊതു വിപണിയിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമാണെന്ന പരാതിയുമുണ്ട്. കറാച്ചിയിൽ ഒരു കിലോ ഗോതമ്പ് മാവിന് 160 പാക് രൂപ നൽകണം. ഇസ്ലാമാബാദിലും പെഷവാറിലും 10 കിലോഗ്രാം മാവ് 1500 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ ഇപ്പോൾ ഇതിന്റെ വില വീണ്ടും കൂടിയിട്ടുണ്ട്. 2050 രൂപയ്ക്കാണ് 15 കിലോഗ്രാം ഗോതമ്പ് മാവ് വിൽക്കുന്നത്. ചാക്കിന് രണ്ടാഴ്ചയ്ക്കിടെ 300 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഗോതമ്പ് സ്റ്റോക്ക് പൂർണ്ണമായും അവസാനിച്ചതായും, പ്രതിസന്ധി രൂക്ഷമാണെന്നും ബലൂചിസ്ഥാനിലെ ഭക്ഷ്യ മന്ത്രി സമാറക് അചക്സായി പ്രതികരിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ റഷ്യയിൽ നിന്നും 3,50,000 ടൺ ഗോതമ്പ് കറാച്ചി തുറമുഖത്തെത്തിയിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള 4,50,000 ടൺ ഗോതമ്പ് ഗ്വാദർ തുറമുഖം വഴി പാകിസ്ഥാനിലെത്തും. മൊത്തം 75 ലക്ഷം ടൺ ഗോതമ്പാണ് ഇറക്കുമതി ചെയ്യുന്നത്. മാർച്ച് 30നകം ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ധാന്യങ്ങൾ രാജ്യത്തെത്തും. ഗോതമ്പ് കൊണ്ടു പോകുന്ന ട്രക്കുകൾക്ക് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കൊള്ളയടിക്കുമെന്ന ഭയത്താൽസായുധ സേനയുടെ അകമ്പടിയോടെയാണ് ഭക്ഷ്യ സാധനങ്ങൾ കൊണ്ടു പോകുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം പാക് താലിബാനും രാജ്യത്ത് അക്രമങ്ങൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്. വിലക്കയറ്റവും, പണപ്പെരുപ്പവും പാക് സമ്പദ്‌വ്യവസ്ഥയേയും താറുമാറാക്കിയിരിക്കുകയാണ്.