കൊടൈക്കനാലിലെ വനമേഖലയില്‍ കാണാതായ രണ്ട് മലയാളി യുവാക്കളെ കണ്ടെത്തി. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് മരംവെട്ടുകാരുടെ സംഘം കണ്ടെത്തിയത്. ഇവരാണ് വനപാലകരെ വിവരം അറിയിച്ചത്. ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ യുവാക്കളെയാണ് പൂണ്ടി ഉള്‍ക്കാട്ടില്‍ കാണാതായത്. 2 ദിവസമായി ഇവര്‍ക്കായുളള തിരച്ചില്‍ തുടരുകയായിരുന്നു. 

തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക് പോയത്. ചൊവ്വാഴ്ച സംഘമായി പൂണ്ടി വനത്തിലേക്ക് പോയി. തിരിച്ച് വന്നപ്പോള്‍ രണ്ട് പേരെ കാണാതാകുകയായിരുന്നു. വനത്തില്‍ പോയി തിരികെ വരുന്നതിനിടെ കൂട്ടം തെറ്റിയെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്. പൂണ്ടി മേഖല മയക്കുമരുന്നിന്റെ കേന്ദ്രമാണ്. കാട്ടുപോത്ത്, ആന എന്നിവയും വ്യാപകമായി കാണപ്പെടുന്ന സ്ഥലമാണിത്. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കാന്‍ സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയായിരുന്നു.