തിരുവനന്തപുരം: വർക്കല എംഎൽഎ വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ചുമതലയേൽക്കും. നിലവിലെ സെക്രട്ടറി ആനാവൂർ നാഗപ്പനെ തൽസ്ഥാനത്തു നിന്ന് മാറ്റിക്കൊണ്ടാണ് പുതിയ നടപടികളുമായി സംസ്ഥാന സമിതി രംഗത്തെത്തിയത്. ആനാവൂർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടർന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റുന്നതെന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം നടന്നത്. അതേസമയം കോർപ്പറേഷൻ കത്ത് വിവാദം പാർട്ടിക്ക് വരുത്തിവച്ച പ്രതിസന്ധികളാണ് മാറ്റത്തിനു കാരണമെന്നാണ് സൂചനകൾ. ആനാവൂർ നാഗപ്പനെതിരെയുള്ള `നടപടി´ക്കു പിന്നാലെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെ കാര്യത്തിലും തീരുമാനങ്ങൾ കെെക്കൊള്ളുമെന്ന സൂചനകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. 

സിപിഎം സംസ്ഥാന സമ്മേളനം കഴിഞ്ഞ് പത്ത് മാസത്തോളമായിട്ടും ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു തന്നെ തുടരുകയായിരുന്നു. ആനാവൂരിനെ മാറ്റേണ്ട എന്ന നിലപാടിലായിരുന്നു പാർട്ടി. എന്നാൽ മേയർ വിവാദം എത്തിയതോടെ മറ്റു മാർഗ്ഗങ്ങളില്ലെന്ന സാഹചര്യം പാർട്ടിക്കു മുന്നിൽ ഉടലെടുക്കുകയായിരുന്നു. ഇതോടെയാണ് അടിയന്തിരമായി തീരുമാനമെടുക്കാൻ പാർട്ടിക്കു മുന്നിൽ സമ്മർദ്ദമുണ്ടായതും. ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടി എന്നിവരായിരുന്നു സിപിഎമ്മിൻ്റെ തലസ്ഥാനത്തെ നേതൃമുഖങ്ങളെങ്കിലും നേതൃപരമായ പല തീരുമാനങ്ങളും റനിലവിൽ കെെക്കൊള്ളുന്നത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണെന്നുള്ളതാണ് യാഥാർത്ഥ്യം. സ്വപ്നയുടെ ആരോപണങ്ങൾ കടകംപള്ളിയേയും മേയർ വിവാദം ആനാവൂരിനേയും സിപിഎമ്മിൻ്റെ ഗുഡ് ലിസ്റ്റിൽ നിന്നും പുറത്താക്കിക്കഴിഞ്ഞുവെന്ന സൂചനകളാണ് ഇതിലൂടെ വ്യക്തമാകുന്നതും. 

പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കിയ നേതാക്കളുടെ നടപടിയെ യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി വിമർശിച്ചുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. കെ-റെയിൽ ഉൾപ്പെടെയുള്ള സംരഭങ്ങൾക്ക് എതിരെ പ്രതിപക്ഷം വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് അവരുടെ നിലപാടുകളെ പിന്തുണയ്ക്കുന്ന രീതിയിൽ ഇത്തരം നേതാക്കളുടെ ഭാഗത്തു നിന്നും ചില നടപടികളുണ്ടായത്. കത്ത് വിവാദം പാർട്ടിയെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയെന്നും സംഘടനാ ബോധമുള്ള നേതാക്കളുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാകാൻ പാടില്ലാത്തതാണെന്നുള്ള വിമർശനങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 

കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് ‘പ്രതിസ്ഥാനത്ത്’ നിൽക്കുന്നയാളായ ആനാവൂർ നാഗപ്പനെതിരെ പാളയത്തിനുള്ളിൽത്തന്നെ പടയൊരുങ്ങിയതോടെയാണ് കടുത്ത നടപടികളുമായി നേതൃത്വം രംഗത്തെത്തിയതും. കത്ത് വിവാദം സിപിഎമ്മിന് കടുത്ത അവമതിപ്പ് ഉണ്ടാക്കിയതായി വിലയിരുത്തലുണ്ട്. ആ ഘട്ടത്തിൽ തന്നെ ആനാവൂരിനെ മാറ്റണമെന്ന് അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും തീരുമാനം വെെകിപ്പിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിക്കു പിന്നാലെ മേയറും നടപടിക്ക് വിധേയാകുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി തിരക്കായതിനാൽ സ്കൂൾ കലോത്സവം കഴിഞ്ഞയുടൻ മേയറുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ.  ഇതിനു മുന്നോടിയായി തിരുവനന്തപുരത്തെ മുൻകാല മേയർമാരുമായി സിപിഎം നേതാക്കൾ ചർച്ച നടത്തുണ്ടെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ മേയറെ മാറ്റുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നുള്ള വാദങ്ങളും പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

സ്വന്തം തീരുമാനങ്ങളെ പാർട്ടി തീരുമാനമെന്നു പറഞ്ഞ് അടിച്ചേൽപ്പിക്കുന്ന രീതി മേയർക്കുണ്ടെന്നുള്ള ആക്ഷേപങ്ങളും പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. മുൻ മേയറായിരുന്ന പ്രൊഫ: ചന്ദ്ര ഉൾപ്പെടെയുള്ള നേതാക്കളുടെ പേരാണ് ആദ്യം മേയർ സ്ഥാനത്തേക്ക് ഉയർന്നു വന്നതെങ്കിലും ഒടുവിൽ നറുക്ക് ആര്യ രാജേന്ദ്രന് വീഴുകയായിരുന്നു. പുതുമുഖങ്ങളെയും യുവരക്തങ്ങളെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക എന്ന പാർട്ടി നിലപാടാണ് അന്ന് ആര്യ രാജേന്ദ്രന് തുണയായത്. എന്നാൽ ആര്യ രാജേന്ദ്രൻ അധികാരമേറ്റയുടൻ പാർട്ടിക്കുള്ളിൽ തന്നെയുള്ള വലിയൊരു വിഭാഗം എതിർപ്പുകളും ഉയർത്തിയിരുന്നു. സീനിയോറിറ്റി മറികടന്ന് ആര്യയെ പോലുള്ള ഒരാൾക്ക് സംസ്ഥാനത്തെ തന്ത്രപ്രധാനമായ സ്ഥാനം നൽകിയതിനെതിരെയാണ് എതിർപ്പുകൾ ഉയർന്നത്. എന്നാൽ പാർട്ടി കമ്മിറ്റികളിലോ മറ്റു വേദികളിലോ എതിർപ്പുന്നയിക്കാൻ ആരും തയ്യാറാകാത്തതിനാൽ മറ്റ് ആഭ്യന്തര വിഷയങ്ങളൊന്നും ഇതുവരെ ഉയർന്നുവന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.