ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞ്. ദേശീയ തലസ്ഥാനവും പരിസര പ്രദേശങ്ങളും കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങിയിരിക്കുകയാണ്. മൂടല്‍മഞ്ഞ് കാരണമുണ്ടായ ദൂരപരിധിയിലെ വ്യതിയാനം മൂലം റോഡുകളിലൂടെയുള്ള വാഹന ഗതാഗതം പലയിടങ്ങളിലും നിര്‍ത്തി വച്ചിരിക്കുകയാണ്. തണുത്ത കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും അടുത്ത രണ്ട് ദിവസത്തേക്ക് തണുപ്പിന്റെ പിടിയിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പഞ്ചാബ്, ഹരിയാന-ഡല്‍ഹി, വടക്കന്‍ രാജസ്ഥാന്‍, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞ് വ്യാപിച്ചിരിക്കുന്നത്.

മൂടല്‍മഞ്ഞിന്റെ തീവ്രതയും വ്യാപനവും ദിവസങ്ങള്‍ക്കകം കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍, വരുന്ന മൂന്ന് ദിവസങ്ങളില്‍ പഞ്ചാബിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

അതേസമയം, മൂടല്‍മഞ്ഞ് കഴിഞ്ഞ ദിവസങ്ങളിലും ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ കാഴ്ചയെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിയിരുന്നു. ഇത് റോഡ്, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. പത്തോളം ട്രെയിനുകള്‍ 1.45 മുതല്‍ 3.30 മണിക്കൂര്‍ വരെ വൈകി ഓടിയതായി റെയില്‍വേ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.