തിരുവനന്തപുരം: കുറ്റവാളികള്‍ക്കെതിരേ കാപ്പ ചുമത്തുന്നതിനുള്ള അധികാരം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് പോലീസ്, ജയില്‍ പരിഷ്‌കരണസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത് 2020 ഒക്ടോബറിലായിരുന്നു. കളക്ടര്‍മാരുടെ ജോലിഭാരം വര്‍ധിച്ച സാഹചര്യത്തിലും, കാപ്പ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടുന്നതിനാലും ഡി.ഐ.ജി. മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ചുമത്തുന്നതിനുള്ള അധികാരം നല്‍കണമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. കാപ്പ നിയമം ചുമത്തുന്നതിനു മറ്റു കേസുകള്‍ക്കൊപ്പം പോലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും കണക്കാക്കാമെന്നാണ് ഒടുവിലായി ഉന്നതതലത്തിലെടുിത്തിരിക്കുന്ന തീരുമാനം.

ദൃക്‌സാക്ഷികളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പോലീസ് സ്വമേധയാ കേസെടുക്കുന്നത്. നിശ്ചിത കാലയളവിനുള്ളില്‍ 3 ക്രിമിനല്‍ കേസില്‍പെടുന്നവര്‍ക്കെതിരെയാണ് കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവീറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്) ചുമത്തുന്നത്. ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡിജിപിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കലക്ടര്‍മാരും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. കാപ്പ നിയമപ്രകാരം 734 അറസ്റ്റുകള്‍ക്കു പോലീസ് അനുമതി തേടിയെങ്കിലും കലക്ടര്‍മാര്‍ അനുമതി നല്‍കിയതു 245 എണ്ണത്തിനു മാത്രമായിരുന്നു. സ്ഥിരം കുറ്റവാളികളെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്യാന്‍ കഴിയാത്തതിനാല്‍ ജില്ലാ പോലീസ് മേധാവികള്‍ ഡിജിപിയെ പരാതി അറിയിച്ചിരുന്നു. 

ജില്ലാകളക്ടറുടെ സമിതിയാണ് നിലവില്‍ കാപ്പ ചുമത്താന്‍ അനുമതി നല്‍കുന്നത്. പ്ലീഡര്‍മാരുടെയും നിയമവകുപ്പിന്റെയും അഭിപ്രായം തേടിയ ശേഷമാണ് കളക്ടര്‍ അനുമതി നല്‍കുക. 5 വര്‍ഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകള്‍ എന്നിവയോ മൂന്ന് കേസുകള്‍ വിചാരണ ഘട്ടത്തിലോ ആണെങ്കിലാണ് കാപ്പ ചുമത്താനാവുക. 7 വര്‍ഷത്തെ ക്രിമിനല്‍ ചരിത്രവും പരിശോധിക്കും. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് നല്ലനടപ്പ് ബോണ്ട് നല്‍കാനും, ഒരു ലക്ഷം പിഴയിടാനും മജിസ്‌ട്രേറ്റിനുള്ള അധികാരം പോലീസിന് നല്‍കണമെന്ന് ഏറെക്കാലമായി പോലീസ് മേധാവി ആവശ്യപ്പെടുന്നതാണ്.   

പരാതിക്കാരില്ലാതെ പോലീസ് സ്വമേധയ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലും ഗുണ്ട വിരുദ്ധനിയമമായ ‘കാപ്പ’ ചുമത്താന്‍ അനുമതി നല്‍കാനുള്ള തീരുമാനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ആരെ വേണമെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാക്ഷികളാക്കി രണ്ടോ മൂന്നോ കേസെടുത്ത് ആരെയും കരുതല്‍ തടങ്കലിലാക്കാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ സാക്ഷി മൊഴികളാവും നിര്‍ണായകമെന്നതിനാല്‍ ,ആളുകളെ കുടുക്കാനായി പോലീസ് ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും ഇത് ദുരുപയോഗിച്ചേക്കാം എന്നാണ് ഉയരുന്ന ആശങ്ക. രാഷ്ട്രീയക്കാര്‍ പ്രതികളാവുന്ന കേസുകള്‍ കാപ്പയില്‍ നിന്നൊഴിവാക്കേണ്ടെന്നാണ് ആഭ്യന്തരസെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനം. ഇതിനെതിരെ ഭരണമുന്നണിയിലെ പാര്‍ട്ടികളും പ്രതിപക്ഷവും എന്തു നിലപാടെടുക്കും എന്നതാണ് ഏറെ നിര്‍ണായകം. 

എന്താണ് കാപ്പ?

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ്പ(KAAPA). 2007ല്‍ നിലവില്‍ വന്ന കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന ഗുണ്ടാ പ്രവര്‍ത്തന നിരോധന നിയമത്തില്‍ 2014 ല്‍ ഭേദഗതി വരുത്തി. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നവരുടെ കരുതല്‍ തടവ് കാലാവധി ഒരു വര്‍ഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്.

ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിര്‍വചനം ഈ നിയമത്തിലുണ്ട്. അനധികൃത മണല്‍ കടത്തുകാര്‍, പണം പലിശക്ക് നല്‍കുന്ന ബ്ലേഡ് സംഘങ്ങള്‍, അബ്കാരി കേസിലെ പ്രതികള്‍ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷന്‍ പ്രവര്‍ത്തനം എന്നിവയില്‍ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക. മൂന്നു കേസുകളില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത്.

പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവര്‍, അറിയപ്പെടുന്ന ഗുണ്ടകള്‍, അനധികൃത മദ്യക്കച്ചവടക്കാര്‍, കടത്തുകാര്‍, വില്‍പനക്കാര്‍, ഇവരുടെ അടുത്ത ബന്ധുക്കള്‍, വ്യാജ നോട്ട് നിര്‍മാതാക്കള്‍, വിതരണക്കാര്‍, മണല്‍ മാഫിയ, വ്യാജ സിഡി നിര്‍മാതാക്കള്‍, വിതരണക്കാര്‍, ലഹരി മരുന്ന് ഉല്‍പാദകര്‍, കടത്തുകാര്‍, വില്‍പനക്കാര്‍ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. ഇതിനു പുറമെ, വിദേശ രാജ്യങ്ങളില്‍നിന്നു ഹവാല ഇടപാടിലൂടെ പണം കടത്തുന്നവര്‍, പണത്തിനു വേണ്ടി വ്യക്തിയെ ആക്രമിക്കുന്നവര്‍, അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, തുടങ്ങിയവര്‍ ഇതില്‍പ്പെടും. ബ്‌ളേഡിനു പണം നല്‍കിയശേഷം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തിരിച്ചുപിടിക്കുന്നവര്‍, എന്നിവരെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ നിയമത്തിന്റെയോ റിസര്‍വ് ബാങ്കിന്റെയോ അംഗീകാരമില്ലാതെ പണമിടപാടു നടത്തുന്ന സ്ഥാപനങ്ങള്‍, അന്യന്റെയോ സര്‍ക്കാരിന്റെയോ ഭൂമി അനധികൃതമായി തട്ടിയെടുക്കുന്നവര്‍ എന്നിവരെയും 2014 ലെ ഭേദഗതിയിലൂടെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.