റിയാദ് : പരീക്ഷാഹാളുകളിൽ വിദ്യാർത്ഥിനികൾ മുഖം പൂർണമായി മറയ്ക്കുന്ന വസ്ത്രം (അബയ)​ ധരിക്കുന്നത് സൗദി അറേബ്യ നിരോധിച്ചു. വിദ്യാഭ്യാസ മന്ത്രാലയവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന സംവിധാനങ്ങളുടെയും ചുമതല വഹിക്കുന്ന സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തൽ കമ്മിഷനാണ് പുതിയ തീരുമാനമെടുത്തത്. പരീക്ഷാഹാളുകളിൽ വിദ്യാർത്ഥിനികൾക്ക് പൂർണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി.

പരീക്ഷാഹാളുകളിൽ വിദ്യാർത്ഥിനികൾ സ്കൂൾ യൂണിഫോം ധരിക്കണം. എന്നാൽ വസ്ത്രധാരണത്തിൽ പൊതുവെ മാന്യമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി. രാജ്യത്ത് നിരവധി സ്ത്രീകൾ അബയ ധരിക്കുന്നത് തുടരുന്നുണ്ടെങ്കിലും അബയ ഇനി നിർബന്ധിച്ച് നടപ്പാക്കില്ലെന്ന് സൗദി 2018ൽ പ്രഖ്യാപിച്ചിരുന്നു. കറുത്ത നിറത്തിലെ അയഞ്ഞ ശിരോവസ്ത്രമാണ് അബയ. കൈയും തലയും കാലും ഉൾപ്പെടെ ശരീരം മുഴുവൻ ഇത് മറയ്ക്കും. ഇളംനീല,​ പിങ്ക് നിറത്തിലുള്ള അബയയും ഉപയോഗിക്കാറുണ്ട്.