പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ പടേരിയയ്ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. ഭരണഘടനയെ രക്ഷിക്കാന്‍ മോദിയെ കൊല്ലുക എന്നയിരുന്നു നേതാവിന്റെ പരാമര്‍ശം. രാജ പടേരിയയ്ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഭരണഘടനയും ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ഭാവി സംരക്ഷിക്കാന്‍ മോദിയെ കൊല്ലാന്‍ തയ്യാറാകണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം ഇതിനോടകം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 

‘രാജ പടേരിയയ്ക്കെതിരെ പരാതി ലഭിക്കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തുടര്‍നടപടികള്‍ ഉണ്ടാകും’   പന്ന  എസ്പി ധര്‍മ്മരാജ് മീണ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഭരണഘടനയെ രക്ഷിക്കാൻ പ്രധാനമന്ത്രിയെ കൊല്ലുക എന്ന രാജയുടെ പരാമർശമാണ് വിവാദത്തിലായത്. പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് നേതാവ് എത്തി. പ്രധാനമന്ത്രിയെ കൊല്ലുന്നതിലൂടെ താൻ ഉദ്ദേശിച്ചത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക എന്നതാണെന്ന് രാജ പറഞ്ഞു. ‘എന്റെ പരാമർശം അതൊരു ഒഴുക്കിൽ സംഭവിച്ചതാകാം. എന്നാൽ അത് റെക്കോർഡ് ചെയ്ത വ്യക്തി സന്ദർഭത്തിന് അനുസരിച്ചത് ഉപയോഗിച്ചു’ നേതാവ് പറഞ്ഞു.

അതേസമയം, പാർട്ടി മുസ്സോളിനിയുടേതാണെന്നും മഹാത്മാഗാന്ധിയുടേതല്ലെന്നും കോൺഗ്രസിനെതിരെ ആഞ്ഞടിച്ച ബിജെപി പറഞ്ഞു. ‘ഈ കോൺഗ്രസ് പാർട്ടി മഹാത്മാഗാന്ധിയുടേതല്ലെന്ന് വ്യക്തമായി സൂചിപ്പിക്കുന്ന പടേരിയയുടെ പ്രസ്താവന കേട്ടു,’ മധ്യപ്രദേശിൽ നിന്നുള്ള ബിജെപി നേതാവ് നരോത്തം മിശ്ര പറഞ്ഞു.

‘ഈ കോൺഗ്രസ് ഇറ്റലിയുടേതാണ്, അതിന്റെ പ്രത്യയശാസ്ത്രം മുസ്സോളിനിയുടേതാണ്. രാജയുടെ പ്രസ്താവനയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ എസ്പിക്ക് നിർദ്ദേശം നൽകുന്നു’ നരോത്തം മിശ്ര പറഞ്ഞു.