മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 13 കാരന് പൊള്ളലേറ്റു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. വീഡിയോ ഗെയിം കളിക്കുന്നതിനിടെ മൊബൈൽ പെട്ടന്ന് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. കുട്ടിയുടെ വയറിനും കൈയ്ക്കും മുഖത്തിനും സാരമായി പൊള്ളലേറ്റു. ഗോവിന്ദ് നഗർ മേഖലയിലെ മേവാട്ടിയിലാണ് സംഭവം. പരിക്കേറ്റ കുട്ടി ചികിത്സയിൽ തുടരുകയാണ്.

ജുനൈദ് എന്നാണ് പരിക്കേറ്റ കുട്ടിയുടെ പേര്. വീടിനുള്ളിലെ മുറിയിൽ മകൻ റെഡ്മി മൊബൈലിൽ വീഡിയോ ഗെയിം കളിക്കുകയായിരുന്നെന്ന് പിതാവ് മുഹമ്മദ് ജാവേദ് പറഞ്ഞു. മുറിയിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കുകയായിരുന്നു. ‘ഞങ്ങൾ ജുനൈദിന്റെ മുറിയിൽ ചെന്നപ്പോൾ, അവൻ മുറിവേറ്റ നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. പൊട്ടിത്തെറിച്ച നിലയിൽ മൊബൈൽ ഫോണും അടുത്തുണ്ടായിരുന്നു’ പിതാവ് പറഞ്ഞു.  

ഉടൻ തന്നെ മകനെ ജില്ലാ ആശുപത്രിയിലെത്തിച്ചതായി ജാവേദ് പറഞ്ഞു. ജുനൈദിന്റെ ആരോഗ്യനില മുമ്പത്തേക്കാൾ മെച്ചപ്പെട്ടതായി ഡോ.തികേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.ചികിത്സ ഇപ്പോഴും തുടരുകയാണ്. മൊബൈൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വയറും കൈകളും മുഖവും പൊള്ളലേറ്റിരുന്നു. നേരത്തെ ബറേലിയിൽ മൊബൈൽ പൊട്ടിത്തെറിച്ച് ഒരു നിരപരാധിയായ പെൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.