പത്തനംതിട്ട: ത്തനംതിട്ടയിൽ ആദ്യമെത്തുന്ന ആരും അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഒന്നാണ് നഗരമധ്യത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ചുട്ടിപ്പാറ. ഇവിടെ നിന്നാൽ പത്തനംതിട്ട മുഴുവൻ കാണാം. ശ്രീരാമനും സീതാ ദേവിയും തങ്ങിയെന്ന് വിശ്വസിക്കുന്ന പവിത്ര സ്ഥലം കൂടിയാണ് ചുട്ടിപ്പാറ. ഇവിടെയിതാ പന്തളത്തു നിന്ന് കാണാൻ കഴിയുന്ന വിധം ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പശിൽപ്പം സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. 133 അടി ഉയരത്തിൽ 66 മീറ്റർ ചുറ്റളവിലാണ് ശിൽപ്പം നിർമ്മിക്കുന്നത്. അയ്യപ്പ ചരിത്രം ഉൾപ്പെടുന്ന മ്യൂസിയം, പന്തളം കൊട്ടാരത്തിന്റെ മാതൃക, പുങ്കാവനത്തിന്റേയും പമ്പ, വാവർ സ്വാമിയുടെ പ്രതിമ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും.

തിരുവനന്തപുരം ആഴിമലയിൽ കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥാപിച്ച ശിൽപി ദേവദത്തന്റെ നേതൃത്വത്തിലാകും അയ്യപ്പ ശിൽപ്പത്തിന്റെ നിർമ്മാണം. അയ്യപ്പന്റെ യോഗനിദ്രയിലുള്ള കോൺക്രീറ്റ് ശിൽപ്പത്തിന് 400 കോടിയാണ് ആദ്യഘട്ട ചെലവായി കരുതുന്നത്. നാല് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. 34 കിലോമീറ്റർ അകലെയുള്ള ഉയർന്ന പ്രദേശങ്ങളിൽ നിന്ന് പോലും കാണാൻ സാധിക്കുന്ന വിധത്തിലാണ് ശിൽപ്പം പണി തീർക്കുന്നത്. ചുട്ടിപ്പാറ മഹാദേവക്ഷേത്രത്തിന്റെ ഭാഗമാണ് ഈ സ്ഥാലം. ക്ഷേത്ര ട്രസ്റ്റാണ് നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്. ഒരു മാസം നീളുന്ന നാമജപ യജ്ഞത്തിലൂടെ ഭക്തരുടെ കൂട്ടായ്മ രൂപീകരിച്ച് ശിൽപ നിർമ്മാണത്തിനുള്ള ധനസമാഹരണം നടത്തും. 

പത്തനംതിട്ട നഗരത്തിന്റെ വശ്യ സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ചുട്ടിപ്പാറ. സമുദ്ര നിരപ്പിൽ നിന്ന് 400 അടി ഉയരത്തിലാണ് ചുട്ടിപ്പാറയുള്ളത്. ഇവിടെ 133 അടി ഉയരത്തിലാണ് അയ്യപ്പശിൽപ്പം ഉയരുന്നത്. കുത്തനെയുള്ള കോൺക്രീറ്റ് നടപ്പാതയിലൂടെ വേണം ചുട്ടിപ്പാറയുടെ മുകളിലെത്താൻ. പകുതി ദൂരം പടിക്കെട്ടുകളാണ് വഴി. ഇവയിൽ നിർമ്മാണ സമയത്ത് സമർപ്പിച്ചവരുടെ പേരുകൾ കൊത്തിവെച്ചിട്ടുണ്ട്.  ചുട്ടിപ്പാറയ്ക്ക് മുളിൽ ചുട്ടിപ്പാറ മഹാദേവക്ഷേത്രമുണ്ട്. ജില്ലയിലെ കരിങ്കൽ ക്വാറി മാഫിയ പലതവണ കണ്ണുവെച്ച ചുട്ടിപ്പാറയെ തനത് രൂപത്തിൽ നിന്ന് കാക്കുന്നത് ചുട്ടിപ്പാറ മഹാദേവനാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. കൂടാതെ വനവാസ കാലത്ത് ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ്  മലമുകളിലുള്ള വിഗ്രഹവും ക്ഷേത്രവും എന്നാണ് ഐതീഹ്യം. 

ചേലവിരിച്ചപാറയും, കാറ്റാടിപ്പാറയും ചുട്ടിപ്പാറയുടെ ഭാഗമാണ്. കാറ്റാടിപ്പാറയിൽ നിന്ന് നോക്കിയാൽ മാത്രമെ ചേലവിരിച്ച പാറയുടെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. ചേലവിരിച്ചപാറ എന്ന പേര് ലഭിക്കാൻ കാരണം, വനവാസക്കാലത്ത് സീത ചേല ഉണക്കാൻ വിരിച്ചിരിരുന്നത് ഈ പാറയിലായിരുന്നു. ഇപ്പോഴും ചേലവിരിച്ചിട്ടിരിക്കുന്നത് പോലെ പാടുകൾ ഇവിടെ കാണാൻ സാധിക്കും. കാറ്റാടിപ്പാറയിൽ എപ്പോഴും പേര് പോലെ തന്നെ കാറ്റാണ്. ഹനുമാൻ പാറയെന്നും ഇതിന് പേരുണ്ട്. ഹനുമാൻ വിശ്രമിച്ചിരുന്നത് ഈ പാറയിലായിരുന്നു. ചുട്ടിപ്പാറയും പരിസര പ്രദേശവും മഴക്കാലത്ത് ജലക്ഷാമം അനുഭവപ്പെടുന്ന മേഖലയാണ്. എന്നാൽ കനത്ത വേനലിലും ചുട്ടിപ്പാറയ്ക്ക് നടുവിലെ മണിക്കിണറർ വറ്റില്ല. അധികം ആഴമില്ലാത്ത ഈ കിണറിൽ നിന്നാമ് ക്ഷേത്രത്തിനാവശ്യമായ വെള്ളം എടുക്കുന്നത്.