ഷിംല: ഹിമാചൽ പ്രദേശിൽ ബിജെപിക്ക് അധികാരം നഷ്ടമായതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിന് നേരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടാകുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്കും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂരിനെതിരേയാണ് സാമൂഹമാധ്യമങ്ങളില്‍ പ്രധാനമായും വിമര്‍ശനമുയരുന്നത്.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഹിമാചൽ പ്രദേശിലെ ഹമീർപൂർ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള അഞ്ച് നിയമസഭാ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടപ്പോൾ പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെ ജന്മനാടായ ബിലാസ്പൂരിൽ നിന്ന് മൂന്ന് സീറ്റുകളും നേടിയെന്നൊരു ആശ്വാസമാണുള്ളത്.

സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളിലെല്ലാം നേരിയ ഭൂരിപക്ഷത്തിനാണ് പാര്‍ട്ടി പരാജയപ്പെട്ടിരിക്കുന്നത്. അതേസമയം, ഹിമാചലിൽ 68 മണ്ഡലങ്ങളില്‍ 21 എണ്ണത്തിലും ബിജെപിയുടെ വിമതരാണ് മത്സരിച്ചത്. ഇക്കൂട്ടത്തിൽ രണ്ട് പേര്‍ മാത്രമാണ് വിജയിച്ചത്. എന്നാൽ, വിമതരുടെ സാന്നിധ്യം ബിജെപിക്ക് വലിയ വോട്ട് ചോര്‍ച്ചയാണ് ഉണ്ടാക്കിയത്. ഇതോടെയാണ് പാര്‍ട്ടി അധ്യക്ഷനെതിരെയും കേന്ദ്രമന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നത്.

ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആര്‍ പാട്ടീലിനെ പുതിയ ബിജെപി അധ്യക്ഷനാക്കണമെന്നാണ് അണികളുടെ പ്രധാന ആവശ്യം. അതിന് പുറമെ, അനുരാഗ് ഠാക്കൂറിനെ കുടുംബ രാഷ്ട്രീയത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

അനുരാഗ് ഠാക്കൂറിൻ്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ പ്രേം കുമാർ ധുമാൽ മത്സരിച്ച സുജൻപൂരിൽ നിന്ന് 399 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചത്.

അദ്ദേഹവും വിരമിക്കാൻ തീരുമാനിച്ചെങ്കിലും ധുമലിന് ഇത്തവണ ടിക്കറ്റ് നൽകിയില്ല. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്റെ പിതാവിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ച് ഠാക്കൂർ പരസ്യമായി രംഗത്തുവന്നിരുന്നു.

ബോറഞ്ച് മണ്ഡലത്തിൽ വെറും 60 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ബിജെപി പരാജയപ്പെട്ടത്. ഹമീർപൂർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പോയപ്പോൾ ബർസാറും നദൗണും കോൺഗ്രസ് നേടുകയായിരുന്നു.

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് 40 സീറ്റുകളിൽ വിജയിക്കുകയായിരുന്നു. അതേസമയം, ഭരണകക്ഷിയായ ബിജെപിക്ക് 25 സീറ്റിലേക്ക് ഒതുങ്ങേണ്ടിവന്നു. കന്നിയംഗത്തിന് ഇറങ്ങിയ എഎപിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. ഗുജറാത്തിലെ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസിന് ആശ്വാസകരമായ വിജയമായിരുന്നു ഹിമാചലിലേത്.