ഡല്‍ഹി: ബുര്‍ഖ ധരിക്കുന്നതില്‍ തനിക്ക് അസ്വസ്ഥതയല്ല മറിച്ച് ലജ്ജ തോന്നുന്നുവെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആജ് തക് അജണ്ടയില്‍ സംസാരിക്കവെയായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.’ബുര്‍ഖ ധരിക്കുന്നതില്‍ എനിക്ക് അസ്വസ്ഥതയൊന്നും തോന്നുന്നില്ല, മറിച്ച് ലജ്ജ തോന്നുന്നു.നമ്മള്‍ അറിവിന്റെ കേന്ദ്രമാണെന്നാണ് ലോകം അനുമാനിക്കുന്നത്. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ അവസ്ഥ ഇത്രയും മോശമായതെന്നും’ അദ്ദേഹം ചോദിച്ചു. നമ്മുടെ പൈതൃകത്തോടും ആദര്‍ശങ്ങളോടും നാം വിശ്വസ്ത പുലര്‍ത്താത്തതാണ് ഇതിന്റെ പ്രധാന കാരണം.കിട്ടുന്ന അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കണം. പക്ഷേ നമ്മാള്‍ ആ പതിവ് നിര്‍ത്തിയെന്നും ഖാന്‍ പറഞ്ഞു. 

ഞങ്ങള്‍ക്ക് ബുര്‍ഖ ധരിക്കണമെന്ന് പറഞ്ഞ നിരവധി മുസ്ലീം പെണ്‍കുട്ടികളുണ്ടെന്ന ചോദ്യത്തിനും ഗവര്‍ണര്‍ മറുപടി നല്‍കി. ‘ആരാണ് ബുര്‍ഖ ധരിക്കുന്നത് തടയുന്നത്. ഈ രാജ്യം സ്വതന്ത്രമാണ്, ഇത് ജനാധിപത്യമാണ്. ഓരോ വ്യക്തിക്കും ഇഷ്ടമുള്ളത് ധരിക്കാന്‍ അവകാശമുള്ളതുപോലെ. അതുപോലെ, 12-ാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ക്ക് അവരുടേതായ ഡ്രസ് കോഡ് നടപ്പിലാക്കാനും അവകാശമുണ്ട്. ലോകത്തെവിടെയും അംഗീകരിക്കപ്പെട്ടതാണിത് ‘ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

‘ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമുക്കുണ്ട്, നിങ്ങള്‍ക്ക് ഇവിടെ പഠിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അവിടെ പോകുക.എന്നാല്‍ നിങ്ങള്‍ അഡ്മിഷന്‍ എടുത്ത ദിവസവും അവിടെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചിരുന്നില്ല, എന്നിട്ടും നിങ്ങള്‍ അവിടെ അഡ്മിഷന്‍ എടുത്തു.പിന്നീട് നിങ്ങള്‍ ഈ വിഷയം ഉന്നയിച്ചു. അത് നടക്കില്ല’ സ്വാര്‍ത്ഥതയ്ക്കുവേണ്ടി മാത്രം മതത്തെയും സംസ്‌കാരത്തെയും വിഭജിക്കരുതെന്നും ആരിഫ് മുഹമ്മദ് പറഞ്ഞു.

ഇതിനിടയില്‍ അദ്ദേഹം ഒരു കഥയും പറഞ്ഞു. ‘ഇന്തോനേഷ്യയിലെ രാഷ്ട്രപതി ഭവന് പുറത്ത് കൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞ വാക്യങ്ങള്‍ എഴുതിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ഏതെങ്കിലും ഇന്തോനേഷ്യക്കാരനോട് അത് എന്താണെന്ന് ചോദിച്ചാല്‍  ഇതാണ് കൃഷ്ണന്‍ അര്‍ജുനന് നല്‍കിയ ഉപദേശമെന്ന് പറയുമെന്ന്  ഞങ്ങളുടെ അംബാസഡര്‍ പറഞ്ഞു. അയാളോട് നീ മുസ്ലിമല്ലേ എന്ന് ചോദിച്ചപ്പോള്‍, അതെ ഞങ്ങള്‍ മുസ്ലീങ്ങളാണെന്നത് ശരിയാണ്. ഇസ്ലാം നമ്മുടെ മതമാണ്, എന്നാല്‍ അത് നമ്മുടെ സംസ്‌കാരമാണ് എന്ന് അവര്‍ മറുപടി പറയും’  ഗവര്‍ണര്‍ പറഞ്ഞു.