കണ്ണൂർ:  ശശി തരൂരിനെ എന്‍സിപിയിലേക്ക് 2 കയ്യും നീട്ടി സ്വീകരിക്കുമെന്ന്  സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. തരൂരിന് ഏത് സമയവും എന്‍സിപിയിലേക്ക് വരാമെന്നും ബിജെപിയെ പ്രതിരോധിക്കാൻ കഴിവുള്ള കോൺഗ്രസിലെ ഒരെയൊരു നേതാവാണ് തരൂരെന്നും അദേഹം കൂട്ടിച്ചേർത്തു. 

തരൂരിന്‍റെ വലിപ്പം മനസിലാക്കാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനം ശശി തരൂരിന് നല്‍കാമായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു. അസൂയകൊണ്ടാണോ തരൂരിനെ അവഗണിക്കുന്നതെന്ന് സംശയിക്കുന്നതായും അദേഹം പ്രതികരിച്ചു.

ശശി തരൂരിന്‍റെ കഴിവുകളെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ ശ്രമിച്ചിട്ടില്ല. വികസന കാര്യത്തില്‍ തരൂര്‍ രാഷ്ട്രീയം നോക്കാറില്ലെന്നും, മറ്റ് നേതാക്കള്‍ അഴകൊഴമ്പന്‍ നിലപാടെടുക്കുമ്പോള്‍ തരൂരിന്‍റേത് വ്യക്തതയുള്ള നിലപാടാണാണെന്നു പറഞ്ഞ അദേഹം  കോണ്‍ഗ്രസിലാണെങ്കിലും അല്ലെങ്കിലും തരൂരായിരിക്കും തിരുവനന്തപുരം എംപിയെന്നും പി സി ചാക്കോ വ്യക്തമാക്കി.