ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് സൂചന. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സമർപ്പിച്ച രാജിയിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ മാത്രമല്ല, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലും പ്രതിപക്ഷ പാർട്ടികളുമായി ഇടപഴകുമെന്ന് എഐസിസി കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം സോണിയാ ഗാന്ധിയുടെ വസതിയിൽ പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ചേർന്നിരുന്നു. യോഗത്തിൽ ഖാർഗെ പ്രതിപക്ഷ നേതാവായി തുടരുന്നതിനെക്കുറിച്ച് ചർച്ചയൊന്നും നടന്നിട്ടില്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കളിൽ പലരും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനാൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ വിഷയത്തിൽ തീരുമാനമായില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കളായ പി ചിദംബരം, ദിഗ്വിജയ സിംഗ്, കെസി വേണുഗോപാൽ എന്നിവരും സ്ഥാനാർത്ഥികളാണ്.