മോഷണം ആരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ മണിഗണ്ടത്താണ് സംഭവം. ഇവിടുത്തെ സോ മില്ലിലെ തൊഴിലാളികളാണ് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്. 

നൈജീരിയയിൽ നിന്നും മ്യാൻമറിൽ നിന്നും ഉയർന്ന നിലവാരമുള്ള മരം ഇറക്കുമതി ചെയ്ത് ഫർണിച്ചറുകളും വീട്ടുപകരണങ്ങളും നിർമ്മിക്കുന്ന സോ മില്ലിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ജോലി ചെയ്യുന്നു.

ശനിയാഴ്ച രാവിലെ, അസമിൽ നിന്നുള്ള മൂന്ന് പേർ, ഒരാൾ സോ മില്ലിലേക്ക് കടക്കുന്നത് കണ്ടതായി അവകാശപ്പെട്ടു. അവർ ആ യുവാവിനെ പിടികൂടി മോഷണക്കുറ്റം ആരോപിച്ച് മർദ്ദിക്കുകയായിരുന്നു.

മോഷണം നടന്നതായി സംശയിക്കുന്നുവെന്ന് തൊഴിലാളികൾ പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ പോലീസ് എത്തിയപ്പോൾ യുവാവിനെ മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. തൂവക്കുടി സ്വദേശി ചക്രവർത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. 

കഴുത്ത്, നെഞ്ച്, വലത് കൈ, വലത് കൈമുട്ട്, വലത് കാൽമുട്ട്, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ മുറിവേറ്റ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. അസം സ്വദേശികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഫൈസൽ ഷെയ്ക്, മഫ്ജുൽ ഹുക്ക്, സോ മില്ലുടമ ധീരന്ദർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.