വിഴിഞ്ഞം: തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്ത് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ . ക്രമസമാധാനത്തിന് കേരള പോലീസ് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടത് നിര്‍മാണക്കമ്പനിയാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി പ്രദേശത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേന്ദ്ര സേനയെ ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്നും പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നല്‍കാനാണ് കേന്ദ്രസേനയെന്നും അഹമ്മദ് ദേവര്‍കോവില്‍ വിശദീകരിച്ചു.

വിഴിഞ്ഞം തുറമുഖ മേഖലയില്‍ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടതു സംസ്ഥാന സര്‍ക്കാരല്ലെന്നും അദാനി ഗ്രൂപ്പാണെന്നു കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജുവും പറഞ്ഞിരുന്നു. സര്‍ക്കാരിനോടു ഹൈക്കോടതി അഭിപ്രായം മാത്രമാണു ചോദിച്ചതെന്നും സംസ്ഥാനം എതിര്‍ക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. 

വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സുരക്ഷാപാലനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന അദാനി ഗ്രൂപ്പിന്റെ ചോദ്യത്തിനാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.