ന്യൂഡൽഹി: ജെ.എൻ.യുവിൽ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയവരെ ‘ഇടതുഭീരു ക്കൾ’ എന്ന് വിശേഷിപ്പിച്ച് വിശ്വഹിന്ദു പരിഷത്. അത്തരം മുദ്രാവാക്യങ്ങളാൽ തകർക്കാൻ കഴിയാത്ത “ദേശീയതയും സാമൂഹിക ഐക്യവും” എന്ന ആശയമാണ് സർവകലാശാല സ്വീകരിച്ചിരിക്കുന്നതെന്ന് വി.എച്ച്.പി പറഞ്ഞു.

ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെ.എൻ.യു) ഭരണകൂടവും ഡൽഹി പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് വി.എച്ച്.പി വർക്കിങ് പ്രസിഡന്റ് അലോക് കുമാറും വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.

വ്യാഴാഴ്ച, ജെ.എൻ.യു കാമ്പസിലെ സ്കൂൾ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസ് കെട്ടിടത്തിന്റെ നിരവധി ചുവരുകൾ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങളാൽ വികൃതമാക്കിയതായി തീവ്ര ഹിന്ദുത്വ സംഘടനകൾ ആരോപിച്ചിരുന്നു. അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിടുകയും ചെയ്തിരുന്നു. “ജെ.എൻ.യു ഒരു വിചിത്ര ലോകമാണ്. ചില ഭീരു ഇടതുപക്ഷക്കാരൻ രാത്രിയുടെ മറവിൽ ‘ബ്രാഹ്മണ ഭാരത് ഛോഡോ’ മുദ്രാവാക്യം എഴുതി” -വി.എച്ച്.പി ആരോപിച്ചു.