ദോഹ: ഘാനയ്ക്ക് എതിരായ അവസാനഗ്രൂപ്പ് മത്സരം വിജയിച്ചിട്ടും യുറഗ്വായ് പുറത്തായതോടെ വികാരാധീനനായി ലൂയിസ് സുവാരസ്. മത്സരം അവസാനമിനിറ്റുകളിലേയ്ക്ക് കടക്കുമ്പോൾ നിറകണ്ണുകളോടെയാണ് സുവാരസ് സൈഡ് ബെഞ്ചിൽ ഇരുന്നത്. ഇടയ്ക്ക് തലയിൽ കൈവെച്ചുകൊണ്ട് മത്സരം വീക്ഷിച്ച താരം പലപ്പോഴും മുഖം ടീഷർട്ട് കൊണ്ട് മറയ്ക്കുന്നതും കാണാമായിരുന്നു.

മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചിട്ടും അടിച്ച ഗോളുകളുടെ എണ്ണത്തിൽ ദക്ഷിണകൊറിയക്ക് പിന്നിലായതാണ് യുറഗ്വായ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ദക്ഷിണ കൊറിയ 2-1ന് പോർചുഗലിനെ തോൽപ്പിച്ചതോടെ മൂന്ന് ഗോൾ വ്യത്യാസത്തിലുള്ള വിജയം യുറഗ്വായ്ക്ക് അനിവാര്യമായിരുന്നു. മൂന്നാമത് ഒരു ഗോളിനായി യുറഗ്വായ് കിണഞ്ഞുപരിശ്രമിച്ചിട്ടും ഗോൾ മാത്രം അകന്നുനിന്നു. ഇതോടെയാണ് സുവാരസ് കണ്ണീരണിഞ്ഞത്. 

മത്സരത്തിന്റെ 26-ാം മിനിറ്റിലായിരുന്നു യുറഗ്വായുടെ ആദ്യ ഗോൾ പിറന്നത്. പെല്ലിസ്ട്രി ബോക്സിലേക്ക് നൽകിയ ക്രോസിൽ നിന്നുള്ള സുവാരസിന്റെ ഷോട്ട് ഘാന ഗോൾകീപ്പർ അതി സിഗി തട്ടിയകറ്റി. എന്നാൽ കീപ്പറുടെ കൈയിൽ തട്ടി തെറിച്ച പന്ത് തൊട്ടുപിന്നാലെയെത്തിയ ജ്യോർജിയൻ ഡി അരാസ്കേറ്റ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

32-ാം മിനിറ്റിൽ അരാസ്കേറ്റ തന്നെ യുറഗ്വായുടെ രണ്ടാം ഗോളും നേടി. ഇത്തവണയും പെല്ലിസ്ട്രി നീട്ടിയ പന്തിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. പെല്ലിസ്ട്രി നൽകിയ പന്ത് ഡാർവിൻ ന്യൂനെസ് തട്ടി സുവാരസിന് നൽകി. സുവാരസ് നൽകിയ പന്തിൽ നിന്നുള്ള അരാസ്കേറ്റയുടെ ബുള്ളറ്റ് ഷോട്ട് വലയിൽ.